തുറക്കാനുള്ള അന്തിമ തീയതിയിൽ മാറ്റമില്ല
ആലപ്പുഴ: ആലപ്പുഴ ബൈപാസിന്റെ നിർമ്മാണം പൂർത്തീകരിക്കുന്നതിന്റെ ഭാഗമായി അപ്രോച്ച് റോഡും കൊമ്മാടി, കളർകോട് ജംഗ്ഷനുകളുടെ വികസനവും ഉടൻ പൂർത്തിയാക്കാൻ മന്ത്റി ജി.സുധാകരൻ കർശന നിർദ്ദേശം നൽകി. ബൈപാസ് പൂർത്തിയായ ആറരകിലോമീറ്റർ ദൂരം റോഡിന്റെ ഇരുവശവും വൃത്തിയാക്കാൻ ആളെ നിയോഗിക്കാനും മന്ത്റി നിർദ്ദേശിച്ചു.
ബൈപാസ് പൂർത്തിയാക്കാൻ കഴിഞ്ഞ യോഗത്തിൽ എടുത്ത അന്തിമ തീയതിയിൽ മാറ്റമൊന്നും വരുത്തില്ലെന്നും മന്ത്റി ചൂണ്ടിക്കാട്ടി. അവലോകന യോഗം ചേർന്ന് എടുത്ത തീരുമാനങ്ങൾ വേഗത്തിൽ നടപ്പാക്കാത്തതിനെത്തുടർന്നാണ് മന്ത്റി ദേശീയ പാത ഉദ്യോഗസ്ഥരുടെയും കരാറുകാരുടെയും റെയിൽവേ ഉദ്യോഗസ്ഥരുടെയും അടിയന്തര യോഗം കളക്ടറേറ്റിൽ വിളിച്ചു ചേർത്തത്.
ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ബൈപ്പാസിൽ പരിശോധന നടത്തി എവിടെയെല്ലാം ബോർഡുകൾ സ്ഥാപിക്കണം, ഏതെല്ലാം ഭാഗങ്ങളിൽ വാഹന ഗതാഗതം തടയണം തുടങ്ങിയ കാര്യങ്ങളിൽ തീരുമാനം എടുക്കണം. ബൈപാസിന്റെ പ്രവേശന സ്ഥലങ്ങളിൽ പണി നടക്കുമ്പോൾ വാഹന ഗതാഗതം നിരോധിച്ചുകൊണ്ടുള്ള ബോർഡ് സ്ഥാപിക്കണം. പൊതുജനങ്ങളും സമീപവാസികളും ഉപയോഗിക്കുന്ന കട്ട് റോഡുകൾ മാത്രമേ തുറന്നു കൊടുക്കാവൂ. രണ്ടു ജംഗ്ഷനുകൾ വികസിപ്പിക്കുന്നതിലും അപ്രോച്ച് റോഡുകൾ പൂർത്തിയാകാത്തതിനും പൂർണ ഉത്തരവാദി കരാറുകാരനും ദേശീയ പാതാ വിഭാഗവും ആണ്. കരാറുകാരന്റെ അലംഭാവം തിരുത്താൻ ദേശീയ പാത ഉദ്യോഗസ്ഥർ വേണ്ട വിധം ശ്രമിച്ചില്ലെന്നും മന്ത്റി വിമർശിച്ചു. ജില്ല കളക്ടർ എം.അഞ്ജന, ദേശീയ പാതാ വിഭാഗം ചീഫ് എൻജിനിയർ അശോക് കുമാർ, എക്സിക്യൂട്ടീവ് എൻജിനിയർ ആർ.അനിൽകുമാർ,ബ്രിഡ്ജസ് എക്സിക്യൂട്ടീവ് എൻജിനിയർ ഡോ.സിനി, റെയിൽവേ കൊല്ലം ഡിവിഷൻ പ്രത്യേക പ്രതിനിധി കെ.ശ്രീധർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
വീണ്ടും ഉടക്കുമായി
റെയിൽവേ
മാളികമുക്ക് റെയിൽവേ ഓവർബ്രിഡ്ജിന്റെ ഗർഡറുകൾക്ക് മുകൾ ഭാഗം കോൺക്രീറ്റ് ചെയ്യുന്നത് തിങ്കളാഴ്ച ആരംഭിച്ച് രണ്ടു ദിവസത്തിനകം പൂർത്തിയാക്കും. കുതിരപ്പന്തിയിലെ ഓവർ ബ്രിഡ്ജിൽ ഗർഡറുകൾ സ്ഥാപിക്കാനുള്ള കേംബറിൽ ചെറിയ വ്യാസ വ്യത്യാസം റെയിൽവേ പരിശോധനയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. , ഗർഡറുകളുടെയും കേംമ്പറിന്റെയും നിർമാണം ഫാക്ടറിയിൽ വച്ച് തന്നെ റെയിൽവേ പരിശോധിച്ചതാണ്. കൂടാതെ പുതിയ ഗർഡറുകൾക്കും കേംമ്പറിനും ഐ.ഐ.ടി സംഘവും അംഗീകാരം നൽകിയതാണ്. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം റെയിൽവേ ബോർഡ് ഉന്നതാധികാര സമിതിക്ക് വിട്ടിരിക്കുകയാണ്. ഇവർ 10 ദിവസത്തിനകം റിപ്പോർട്ട് നൽകുമെന്ന് അറിയിച്ചിട്ടുണ്ട്.
കട്ട് റോഡുകൾ അടയ്ക്കരുത്
സമീപ വാസികൾ ഉപയോഗിക്കുന്ന കട്ട് റോഡുകൾ ഒന്നും അടയ്ക്കരുതെന്ന് നിർദ്ദേശം നൽകി. ജംഗ്ഷനുകളിൽ സിഗ്നൽ ലൈറ്റ് സ്ഥാപിക്കുന്ന ചുമതല കെൽട്രോണിനാണ്. ജംഗ്ഷനുകൾ വികസിപ്പിക്കാനും ഓടകൾ മൂടിയിട്ട് വൃത്തിയാക്കാനും സമാന്തരമായി അധികം ടീമുകളെ നിയോഗിക്കാൻ തീരുമാനിച്ചു. സമാന്തരമായി സംഘങ്ങളെ നിയോഗിച്ചാൽ പണി വേഗത്തിൽ പൂർത്തിയാക്കാമെന്ന് മന്ത്റി ചൂണ്ടിക്കാട്ടി.