ആലപ്പുഴ: മുഹമ്മ പഞ്ചായത്തിലെ കായിപ്പുറത്ത് ഒന്നരയേക്കറിൽ പ്രകൃതിയുടെ ഒരു 'ശ്രീകോവിലുണ്ട്', വൻമരങ്ങളും കുറ്റിച്ചെടികളും വള്ളിച്ചെടികളുമൊക്കെയായി ഇരുന്നൂറോളം വ്യത്യസ്ത സസ്യങ്ങൾ, ഒരു കാവ്, ചെറിയ രണ്ട് കുളം. ആയിരത്തോളം ജീവജാലകൾ അധിവസിക്കുന്ന ഈ കാട് സൃഷ്ടിച്ചത് കെ.വി. ദയാൽ എന്ന എഴുപത്തിനാലുകാരനാണ്. വീട്ടുപറമ്പിലെ വനത്തിനോട് ചേർന്നാണ് ദയാലിന്റെ വീടും.
താന്നി, അത്തി, മരോട്ടി,തേക്ക് അടക്കമുള്ള വൻമരങ്ങളും റംബൂട്ടാൻ, വെണ്ണപ്പഴം, ഫാഷൻ ഫ്രൂട്ട് തുടങ്ങിയ ഫലവൃക്ഷങ്ങളും കൊണ്ട് സമ്പന്നമായ ഈ കാടിനെ അദ്ദേഹം വിളിക്കുന്ന പേര് 'ശ്രീകോവിൽ' എന്നാണ്.
എം.കോം പൂർത്തിയാക്കി, കയർ വ്യവസായത്തിലേക്ക് കടന്ന ദയാലിന് ജൈവകൃഷിയോടും പരിസ്ഥിതി സംരക്ഷണത്തോടുമായിരുന്നു കമ്പം.
ആ ഇടയ്ക്കാണ് ജാപ്പാനീസ് കർഷകനായ മസനോബു ഫുക്കുവോക്കയുടെ ചില പുസ്തകങ്ങൾ വായിക്കുന്നത്. അങ്ങനെയാണ് കാട് വച്ച് പിടിപ്പിക്കാമെന്ന ആശയം ഉടലെടുത്തത്. അങ്ങനെ എൺപതുകളുടെ തുടക്കത്തിലാണ് വീടിന് സമീപത്തെ ഒന്നരയേക്കറിൽ മരങ്ങൾ നട്ടുപിടിപ്പിക്കുന്നത്. കയർ ഉത്പന്ന കയറ്റുമതി ആയിരുന്നു പ്രധാന ബിസിനസെങ്കിലും 2006 ഓടെ അദ്ദേഹം അത് മക്കൾക്ക് കൈമാറി. തുടർന്ന് പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ സജീവമായി. ആ വർഷം തന്നെ സംസ്ഥാന സർക്കാരിന്റെ വനമിത്ര അവാർഡും ലഭിച്ചു. മക്കളായ അനിൽ ദയാലിനെയും കണ്ണൻ ദയാലിനെയും എം.എസ്‌സി ബോട്ടണി എടുപ്പിച്ചത് കൃഷിയോടും പരിസ്ഥിയോടുമുള്ള ഇഷ്ടം കൊണ്ടായിരുന്നെങ്കിലും നിലവിൽ അവർ അച്ഛന്റെ ബിസിനസ് ഏറ്റെടുത്ത് നടത്തുകയാണ്.
കെ.പി. ജെയ്ദയാണ് ദയാലിന്റെ ഭാര്യ.
കൃഷിയെക്കുറിച്ച് പാഠ്യപദ്ധതി
ആധുനിക കൃഷി സമ്പ്രദായത്തെക്കുറിച്ച് താത്പര്യമുള്ളവർക്ക് അറിവ് പകരാനുള്ള ഒരു പാഠ്യപദ്ധതി ദയാൽ തയ്യാറാക്കി സമർപ്പിച്ചത് എം.ജി സർവകലാശാല അംഗീകരിച്ചു. കഴിഞ്ഞ കുറേ വർഷങ്ങളായി അവിടെ ക്ളാസ് നയിക്കുന്നു. 20 ദിവസം നീളുന്ന പാഠ്യപദ്ധതിയിൽ ആയിരത്തോളം പേർക്ക് ഇതിനകം പരിശീലനം നൽകി. കാലിക്കറ്റ് സർവകലാശാലയും ഈ പദ്ധതി അംഗീകരിച്ചിട്ടുണ്ടെങ്കിലും മറ്റ് സർവകലാശാലകൾ താത്പര്യം കാട്ടിയിട്ടില്ല. 'വാനപ്രസ്ഥം' എന്ന പേരിൽ ഹോംസ്റ്റേ രീതിയിൽ കൃഷിയെക്കുറിച്ച് പഠിപ്പിക്കുന്ന കേന്ദ്രങ്ങൾ കേരളത്തിലെ അഞ്ചു സ്ഥലങ്ങളിൽ ഇദ്ദേഹം നടത്തുന്നുണ്ട്.
'കണ്ണിലെ കൃഷ്ണമണിപോലെ സംരക്ഷിക്കേണ്ടതാണ് കാടുകൾ. കാലാവസ്ഥ തിരിച്ചുപിടിക്കാൻ അതല്ലാതെ മറ്റു മാർഗമില്ല. പ്രകൃതി ദത്തമായ നമ്മുടെ ഊർജസ്രോതസ് സൂര്യപ്രകാശമാണ്. അത് പാഴാകാതെ ശേഖരിക്കാൻ സാധിക്കുന്ന ഏക ഇടം സസ്യങ്ങളുടെ ഇലകളും. നിലത്തുവീഴുന്ന കരിയിലകൾ കത്തിക്കുന്നതാണ് നാം ചെയ്യുന്ന മറ്റൊരു തെറ്റ്. അവ പൊടിഞ്ഞ് ചേരുമ്പോഴാണ് മണ്ണ് ഫലഭൂയിഷ്ഠമാവുന്നത്. ഭക്ഷണം വിളയുന്ന കാട് എന്ന സങ്കല്പമാണ് നമുക്ക് വേണ്ടത്.'
-കെ.വി. ദയാൽ