വില്പനയ്ക്ക് ലഭിച്ച ലൈസൻസ് ഉപയോഗിച്ച് അരനൂറ്റാണ്ടായി പടക്ക നിർമ്മാണം
കുട്ടനാട്: പുളിങ്കുന്നിലെ അനധികൃത പടക്ക നിർമ്മാണ ശാലയിൽ ഇന്നലെ ഉച്ചയ്ക്കുണ്ടായ വൻ സ്ഫോടനത്തിൽ എട്ടു സ്ത്രീകൾ ഉൾപ്പെടെ 10 പേർക്ക് പരിക്കേറ്റു. ഇതിൽ 8 പേരുടെ നില ഗുരുതരമാണ്. സമീപത്തെ രണ്ടു വീടുകൾക്കും നാശമുണ്ടായി.
പുളിങ്കുന്ന് പഞ്ചായത്ത് ഗവ. എൽ.പി സ്‌കൂളിന് സമീപം താമസിക്കുന്ന ബന്ധുക്കളായ പുത്തൻപുരയ്ക്കൽ ബിനോയ് (ബിനോച്ചൻ), കൊച്ചുമോൻ ആന്റണി എന്നിവരുടെ ഉടമസ്ഥതയിലുള്ള പടക്കശാലയിലുണ്ടായ പൊട്ടിത്തെറിയിൽ പുളിങ്കുന്ന് സ്വദേശികളായ തോട്ടത്തറ വേണുവിന്റെ ഭാര്യ ഓമന (49), പുത്തൻപുരയ്ക്കൽ ചിറ വാസുവിന്റെ ഭാര്യ ഷീല (45), കരിയച്ചിറ തോമസ് ജോസഫിന്റെ ഭാര്യ ഏലിയാമ്മ തോമസ് (55), മുപ്പതിൽ ചാക്കോ ചാണ്ടിയുടെ മകൻ റജി ( 50 ), മലയിൽ പുത്തൻവീട്ടിൽ ലൈജുവിന്റെ ഭാര്യ ബിനു (30), കന്നിട്ടയിൽ ചിറ സതീശന്റെ ഭാര്യ ബിന്ദു (31), കായിപ്പുറം മുളവനക്കുന്നിൽ സിദ്ധാർത്ഥ് (64), കണ്ണാടി ഇടപറമ്പിൽ സുകുമാരന്റെ ഭാര്യ വിജയമ്മ (56), കിഴക്കാട്ടുതറ ഹരിദാസിന്റെ ഭാര്യ സരസമ്മ (56), കിഴക്കേച്ചിറയിൽ കുഞ്ഞുമോൾ (55) എന്നിവർക്കാണ് പൊള്ളലേറ്റത്. ഷീല, പൊന്നമ്മ എന്നിവരൊഴികെ എല്ലാവർക്കും 30 ശതമാനത്തിൽ കൂടുതൽ പൊള്ളലുണ്ട്. എല്ലാവരെയും ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
പടക്ക നിർമ്മാണ ശാലയുടെ രണ്ടു ഷെഡുകളാണ് സ്ഫോടനത്തിൽ തകർന്നത്. അപകടത്തിന്റെ കാരണം അറിവായിട്ടില്ല. ഉഗ്രശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാർ ജീവൻ പോലും പണയപ്പെടുത്തി നടത്തിയ രക്ഷാപ്രവർത്തനത്തിലൂടെയാണ് തകർന്ന് തരിപ്പണമായ കെട്ടിടത്തിൽ നിന്നു മുഴുവൻ തൊഴിലാളികളെയും ജീവനോടെ പുറത്തെത്തിക്കാൻ കഴിഞ്ഞത്. പടക്കവില്പനയ്ക്ക് ലഭിച്ച ലൈസെൻസിന്റെ മറവിൽ ഇവർ തൊഴിലാളികളെ നിയോഗിച്ച്, അരനൂറ്റാണ്ടായി പടക്ക നിർമ്മാണം നടത്തുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.ഇതേപ്പറ്റി കൂടുതൽ അന്വേഷണം നടത്തും. പ്രധാന ആഘോഷങ്ങൾക്ക് പുറമെ തിരഞ്ഞെടുപ്പ് പോലെയുള്ള സമയങ്ങളിലും മറ്റും കുട്ടനാടിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലേക്കുമുള്ള പടക്കം ഇവിടെയാണ് തയ്യാറാക്കിയിരുന്നതെന്നു നാട്ടുകാർ പറയുന്നു.
കാരണം താപവ്യതിയാനം?
അന്തരീക്ഷ താപനിലയിൽ കഴിഞ്ഞ കുറേ ദിവസമായി അനുഭവപ്പെടുന്ന വ്യതിയാനമാകാം സ്‌ഫോടനത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പുളിങ്കുന്ന് നെൽപ്പുരക്കടവ് ജോയ്, ജോജോ ഇത്തിപ്പള്ളി എന്നിവരുടെ വീടുകൾക്കാണ് സ്‌ഫോടനത്തിൽ സാരമായ കേടുപാടുകൾ സംഭവിച്ചത്. മേൽക്കൂരയും ജനൽച്ചില്ലുകളും തകർന്നതിനു പുറമേ ഭിത്തികൾക്ക് വിള്ളലുമുണ്ടായി. ചങ്ങനാശേരി, ആലപ്പുഴ, തകഴി എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്സ് യൂണിറ്റുകളാണ് തീയണച്ചത്. പരിക്കേറ്റവരെല്ലാം നിർദ്ധന കുടുംബാംഗങ്ങളാണ്. കുട്ടനാട് തഹസിൽദാർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.