കുട്ടനാട്: പടക്ക നിർമ്മാണ ശാലയിലുണ്ടായ സ്ഫോടനത്തിന്റെ ആഘാതത്തിലാണ് പുളിങ്കുന്ന് പ്രദേശം. ഒട്ടും നിനച്ചിരിക്കാതെ ഉണ്ടായ ദുരന്തത്തിൽ അകപ്പെട്ട 10 പേരും ജീവിതത്തിലേക്കു തിരിച്ചു വരണേയെന്ന പ്രാർത്ഥനയിലാണ് നാട്.
പരിക്കേറ്റവരിൽ എട്ടുപേർ സ്ത്രീളാണെന്നതാണ് വേദന ഇരട്ടിപ്പിക്കുന്നത്. മീറ്ററുകൾ ഉയരത്തിൽ തീ ആളിപ്പടർന്നു. ഒരു നിമിഷം പ്രദേശവാസികൾ അന്ധാളിച്ചു നിന്നു. എന്തുചെയ്യണമെന്നും പോലും അറിയാതെ പോയി. സമചിത്തത വീണ്ടെടുത്ത ശേഷം വീടുകളിൽ നിന്ന് ഇറങ്ങി ഓടുകയായിരുന്നു പലരും. ധൈര്യം സംഭരിച്ചവർ പടക്കശാലയ്ക്കു സമീപത്തേക്ക് ഓടി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയതോടെയാണ് പത്തു പേരെയും ജീവനോടെ പുറത്തെത്തിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കാനായത്.
പടക്ക നിർമ്മാണം നടത്തിയിരുന്ന രണ്ടു ഷെഡുകളും സ്‌ഫോടനത്തിൽ നിലം പൊത്തുകയും കത്തി അമരുകയുംചെയ്തു. ഷെഡിലെ ആസ്‌ബറ്റോസ് ഷീറ്റുകളും മറ്റും മീറ്ററുകൾ അകലേക്ക് തെറിച്ചു. സമീപത്തെ രണ്ടുവീടുകൾക്ക് മുകളിലേക്കാണ് ഇവ വീണത്. ആ വീടുകളുടെ മേൽക്കൂരയും ജനൽ ചില്ലുകളും മറ്റും തകർന്നു. രണ്ടു വീടുകളുടെയും ഭിത്തികളിൽ വിള്ളലുണ്ടായി. കൊറോണ ആശങ്ക നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ജനങ്ങൾ വീടുകളിലൊക്കെത്തന്നെ കഴിഞ്ഞിരുന്നതും പടക്കശാലയിൽ സന്ദർശകർ ആരുമില്ലാതിരുന്നതും ദുരന്തത്തിന്റെ വ്യാപ്തി കുറച്ചു.
തൊട്ടടുത്തൊരു സ്കൂൾ
പടക്കനിർമ്മാണ ശാലയുടെ ഏതാനും മീറ്റർ മാത്രം അകലെയാണ് പുളിങ്കുന്ന് ഗവ. എൽ.പി സ്കൂൾ സ്ഥിതിചെയ്യുന്നത്. സ്കൂളിന് അവധി ആയതുകൊണ്ട് കുട്ടികളാരും പടക്കശാലയുടെ അടുത്തെങ്ങും ഇല്ലാതിരുന്നതും ഭാഗ്യമായി.
ആദ്യത്തെ തീപ്പൊരി
ഇതിന് മുമ്പ് ഒരു തീപ്പൊരി പോലും ഇവിടെ നിന്ന് ഉയർന്നിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. അനധികൃതമാണ് പ്രവർത്തനമെന്നതും നാട്ടുകാർക്ക് അറിയാമായിരുന്നു. പക്ഷേ, സ്ത്രീകൾ ഉൾപ്പെടെയുള്ള 10 തൊഴിലാളികളുടെ ഉപജീവന മാർഗമാണ് പടക്കശാലയെന്നതുകൊണ്ട് ആരും എതിരു നിന്നില്ല. കുട്ടനാട്ടിലെ ചെറുതും വലുതുമായ സകല ആഘോഷങ്ങൾക്കും ആവശ്യമായ പടക്കങ്ങൾ ഇവിടെ നിന്നാണ് സംഘാടകർ വാങ്ങിയിരുന്നത്. ഇത് ഇല്ലാതായാൽ ആലപ്പുഴയിലോ, ചങ്ങനാശേരിയിലോ മറ്റോ പോയി പടക്കങ്ങൾ വാങ്ങേണ്ട സ്ഥിതിയാവുമായിരുന്നു. പടക്കം വിൽക്കാനുള്ള ലൈസൻസ് മാത്രമാണ് ഉടമകൾക്കുണ്ടായിരുന്നത്. പക്ഷേ, ഇതിന്റെ പേരിൽ അര നൂറ്റാണ്ടായി പടക്ക നിർമ്മാണമാണ് ഇവിടെ നടന്നത്.