കായംകുളം: ഇറ്റലിക്കാരൻ ട്രെയിനിൽ യാത്ര ചെയ്യുന്ന വിവരം ലഭിച്ചതിനെ തുടർന്ന്‌ ആരോഗ്യ വിഭാഗം പരിശോധന നടത്തി. കൊറോണ ബാധയില്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് തുടർ യാത്രാനുമതി നൽകിയത്.

കായംകുളം റെയിൽവേ സ്റ്റേഷനിൽ ഇന്നലെ വൈകിട്ട് 4.45 നായിരുന്നു സംഭവം. തിരുവനന്തപുരം - ചെന്നൈ മെയിൽ സൂപ്പർഫാസ്റ്റ് ട്രെയിനിൽ വർക്കലയിൽ നിന്ന് കയറി ചെന്നൈയിലേക്ക് പോവുകയായിരുന്ന മൈക്കിൾ പോംസി എന്ന ഇറ്റലിക്കാരനെയാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ചത്. ഫസ്റ്റ് ക്ലാസ് എ സി കോച്ചിൽ ഇദ്ദേഹം യാത്ര ചെയ്യുന്നതായി കൺട്രോൾ റൂമിൽ നിന്ന് അറിയിപ്പ് ലഭിച്ചതിനെ തുടർന്ന്, ട്രെയിൻ രണ്ടാമത്തെ പ്ലാറ്റ്ഫോമിൽ എത്തിയപ്പോൾ റെയിൽവേ ഹെൽത്ത് വിഭാഗവും ആരോഗ്യ വിഭാഗവും ആർ.പി.എഫും ചേർന്നാണ് പരിശോധന നടത്തിയത്. പത്ത് മിനിറ്റ് നീണ്ട പരിശോധനയിൽ ഇദ്ദേഹം രോഗബാധിതനല്ലെന്ന് കണ്ടതിനെ തുടർന്ന് യാത്രയ്ക്ക് അനുവാദം നൽകി. ട്രെയിൻ 15 മിനിട്ടോളം വൈകി.