കായംകുളം: വീട്ടിൽ പുതുതായി കൊണ്ടുവന്ന ഗ്യാസ് സിലിണ്ടർ ചോർന്നത് പരിഭ്രാന്തി പരത്തി. കണ്ടല്ലൂർ സൗത്ത് കോളിപ്പീടികയിൽ അജീനയുടെ വീട്ടിൽ ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെ ആയിരുന്നു സംഭവം.
റഗുലേറ്ററിലേക്ക് കണക്ട് ചെയ്യുന്നതിനിടെ ആയിരുന്നു ചോർച്ച. ഈ സമയം കുട്ടികൾ ഉൾപ്പെടെ വീട്ടിൽ ഉണ്ടായിരുന്നു. എല്ലാവരും പുറത്തേക്ക് ഇറങ്ങിയ ശേഷം കായംകുളം ഫയർഫോഴ്സിൽ വിവരം അറിയിച്ചു. ഫയർഫോഴ്സ് എത്തി സിലിണ്ടർ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയും അടുക്കളയിലും മറ്റും തങ്ങി നിന്ന ഗ്യാസ് നിർവീര്യമാക്കുകയും ചെയ്തു. സിലിണ്ടറിന്റ കാലപ്പഴക്കവും നോബിന്റെ തകരാറുമാണ് ഇത്തരം അപകടങ്ങൾക്ക് കാരണമെന്ന് ഫയർഫോഴ്സ് അധികൃതർ പറഞ്ഞു. കണ്ടല്ലൂർ ഭാഗത്തു തന്നെ വിവാഹവീട്ടിൽ പാചകാവശ്യത്തിന് കൊണ്ടുവന്ന ഗ്യാസ് സിലിണ്ടർ ചോർന്ന് തീ പിടിച്ച് രണ്ടു പേർക്ക് പൊള്ളലേറ്റിരുന്നു.. സീനിയർ ഫയർ ഓഫീസർ ജി. ജയകുമാറിന്റെ നേതൃത്വത്തിലാണ് ഫയർ ഫോഴ്സ് രക്ഷാപ്രവർത്തനം നടത്തിയത്.