ആലപ്പുഴ: കൊറോണ വൈറസ് വ്യാപനത്തിൽ, വരുന്ന ദിവസങ്ങൾ നിർണായകമാണെന്ന ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട് പരിഗണിച്ച് ജില്ലയിൽ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ജയിംസ് ജോസഫ് അറിയിച്ചു.
നിരീക്ഷണത്തിൽ കഴിയണമെന്ന ആരോഗ്യവകുപ്പ് നിർദ്ദേശം ലംഘിക്കുന്നവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് നടപടി സ്വീകരിക്കും. ബോധപൂർവം പകർച്ച വ്യാധി പടർത്താൻ കാരണമായെന്ന എെ.പി.സി 269 വകുപ്പ് പ്രകാരമുള്ള കുറ്റം ചുമത്തി അറസ്റ്റ് ചെയ്യും. 6 മാസം വരെ തടവു ലഭിക്കാവുന്ന കുറ്റമാണ്. കൂടാതെ മറ്റ് അനുബന്ധ വകുപ്പകൾ കൂടി ചുമത്തും എന്നതിനാൽ കർശന നിരീക്ഷണത്തിൽ കഴിയുന്നവർ മറ്റുള്ളവർക്ക് മാതൃകയാകുന്ന വിധത്തിൽ ആരോഗ്യവകുപ്പ് പ്രവർത്തകർ നിർദ്ദേശിക്കുന്ന കാലയളവിൽ അവരവരുടെ വസതിയിൽ സ്വയം നിയന്ത്രണത്തിനു വിധേയമായി കഴിയേണ്ടതാണ്. കൂടാതെ പൊതുജനങ്ങളിൽ ഭീതിയുണ്ടാക്കുകയും സർക്കാരും ജില്ലാ ഭരണകൂടവും നടത്തുന്ന പ്രവർത്തനങ്ങൾക്ക് വിഘാതം സൃഷ്ടിക്കുന്നതുമായ ഏത് നടപടിക്കെതിരെയും ജാമ്യം ലഭിക്കാത്ത വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്യും. എല്ലാ പൊതുപരിപാടികളും മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മാറ്റിവച്ച് സഹകരിക്കണമെന്നും ജില്ലാ പൊലീസ് മേധാവി പുറപ്പെടുവിച്ച പത്രക്കുറുപ്പിൽ പറയുന്നു.