 പലചരക്ക്,പച്ചക്കറി കടകളിൽ ആളില്ല

ആലപ്പുഴ: കെറോണ ഭീതിയിൽ നാടെങ്ങും ജാഗ്രതയിൽ നീങ്ങവേ ആളും ആരവവും ഒഴിഞ്ഞ് ആലപ്പുഴ നഗരത്തിലെ നിരത്തുകൾ. ഒരു അവധി ദിവസത്തിന്റെ പ്രതീതിയിലായിരുന്നു ഇന്നലെ നഗരം.

അന്യസംസ്ഥാനത്ത് നിന്ന് ഭക്ഷ്യ വസ്തുക്കൾ ആവശ്യത്തിന് എത്തുന്നുണ്ടെങ്കിലും വാങ്ങാനുള്ളവരുടെ തിരക്ക് കുറവാണെന്ന് വ്യാപാരികൾ പറയുന്നു. പലചരക്ക്, പച്ചക്കറി കടകളെയാണ് ഇത് കൂടുതൽ ബാധിച്ചത്. വ്യാപാര സ്ഥാപനങ്ങളും ഹോട്ടലുകളും ഇന്ന് ജനത കർഫ്യൂവിനെ പിന്തുണച്ച് അടച്ചിടുന്നതോടെ നഗരം നിശ്ചലമാകും.

ഇന്നലെ പല കടകളിലും സാധാരണയുള്ളതിന്റെ പകുതി കച്ചവടം മാത്രമേ നടന്നുള്ളൂ. ആളൊഴിഞ്ഞ സീറ്റുകളുമായാണ് സ്വകാര്യ ബസുകൾ സർവീസ് നടത്തിയത്.

 അടിതെറ്റി പച്ചക്കറി

പച്ചക്കറി കച്ചവടം കുത്തനെ ഇടിഞ്ഞെന്നാണ് വ്യാപാരികൾ പറയുന്നത്. ആഹാരം കഴിക്കാനെത്തുന്നവരുടെ തിരക്ക് കുറഞ്ഞതിനാൽ ചെറിയ തോതിലേ ഇപ്പോൾ ഹോട്ടലുകാർ പച്ചക്കറി വാങ്ങുന്നുള്ളൂ. കച്ചവടം കുറഞ്ഞതോടെ വിവിധ പച്ചക്കറി ഇനങ്ങൾ അടങ്ങിയ 6-7 കിലോ തൂക്കം വരുന്ന കിറ്റ് 100 രൂപയ്ക്കാണ് ഇന്നലെ വിറ്റത്. പഴക്കടകളിലും ആവശ്യക്കാർ കുറവായിരുന്നു.

 ബീഫിന് ആവശ്യക്കാർ

ഇന്നലെ എല്ലാ വിപണിയിലും ആൾത്തിരക്ക് കുറവായിരുന്നെങ്കിലും ബീഫ് സ്റ്റാളുകളിൽ തിരക്കിന് കുറവില്ലായിരുന്നു. ഞാറാഴ്ചകളിലാണ് സാധാരണ ബീഫ് സ്റ്റാളുകളിൽ കച്ചവടം കൂടുതൽ നടക്കുന്നത്. എന്നാൽ ഇന്ന് കട മുടക്കായതിനാൽ ഇന്നലെ തന്നെ എല്ലാവരും ബീഫ് വാങ്ങി സ്റ്റോക്ക് ചെയ്തു. 300-320 രൂപയായിരുന്നു ഒരു കിലോ ബീഫിന് ഇന്നലത്തെ വില.

 ഇടിവില്ലാതെ മദ്യം

ഒരാഴ്ചയായി കച്ചവടം കുറവായിരുന്ന മദ്യഷോപ്പുകളിൽ ഇന്നലെ നല്ല തിരക്കായിരുന്നു. ഇന്നത്തെ അവധി മുന്നിൽ കണ്ട് മദ്യം വാങ്ങി സ്റ്റോക്ക് ചെയ്യാനുള്ള നെട്ടോട്ടത്തിലായിരുന്നു മദ്യപർ. മദ്യം വാങ്ങാൻ വരുന്നവരുടെ സുരക്ഷയെ മുൻ നിറുത്തി സാനിട്ടൈസർ,വെള്ളം സോപ്പ് എന്നിവ മദ്യഷോപ്പുകൾക്ക് മുന്നിൽ സജീകരിച്ചിട്ടുണ്ട്.

'' ജനതാ കർഫ്യൂവിനോട് വ്യാപാരികൾ സഹകരിക്കും. എന്നാൽ കച്ചവടം കുറയുന്നത് വ്യാപാരികളെ പട്ടിണിയിലാക്കുകയാണ്. പചലരക്ക്-പച്ചക്കറി- പഴ വിപണിയിൽ വൈകുന്നേരം മാത്രമാണ് നേരിയ ആളനക്കം ഉണ്ടായത്.

(കെ.എസ്.മുഹമ്മദ്,വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ്)