ആലപ്പുഴ: കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ വൈകിട്ട് ആറു വരെ പ്രവർത്തിപ്പിക്കാൻ ജില്ലയുടെ മന്ത്റി ജി.സുധാകരന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ തീരുമാനിച്ചു. മന്ത്റി തോമസ് ഐസസ്,ജില്ലാ കളക്ടർ എം.അഞ്ജന തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.

ആവശ്യമെങ്കിൽ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിൽ അധികമായി ഒരു ഡോക്ടറേയും നഴ്‌സിനേയും നിയോഗിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നടപടിയെടുക്കണം. ഇതിനാവശ്യമായ തുക തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ പ്‌ളാൻ ഫണ്ടിൽ നിന്ന് എടുക്കാനുള്ള അനുമതി സർക്കാർ നല്കിയിട്ടുണ്ട്. നിലവിൽ ജില്ലയിൽ നടക്കുന്ന പ്രതിരോധ പ്രവർത്തനങ്ങൾ തൃപ്തികരമാണെന്ന് യോഗം വിലയിരുത്തി. ജില്ലയിൽ കഴിയുന്ന വിദേശികളുടെ സുരക്ഷ ജില്ലാ ഭരണകൂടം കൃത്യമായി വിലയിരുത്തണമെന്ന് മന്ത്റി ജി.സുധാകരൻ നിർദ്ദേശിച്ചു. ആളുകൾ കൂട്ടംകൂടുന്നതിനുള്ള അവസരം ഒഴിവാക്കണമെന്നും മന്ത്റി പറഞ്ഞു.

ഇന്ന് ജനതാ കർഫ്യൂ നടക്കുന്ന സാഹചര്യത്തിൽ കുടുംബശ്രീ വഴി നടത്താനിരുന്ന ബ്രേക്ക് ദ ചാലഞ്ച് പരിപാടി അടുത്ത ദിവസത്തേക്ക് മാ​റ്റിവെക്കുമെന്ന് മന്ത്റി തോമസ് ഐസക്ക് പറഞ്ഞു.