ആലപ്പുഴ:കെ.ടി.ഡി.സി.യുടെ റിസോർട്ടിൽ ഐസൊലേഷനിൽ കഴിഞ്ഞ് വൈറസ് ബാധയില്ലെന്ന് കണ്ടെത്തിയ അമേരിക്കൻ സ്വദേശി റെബേക്ക ഡെയ്‌ൽ സംസ്ഥാന വിനോദ സഞ്ചാര വകുപ്പിനും കെ.​റ്റി.ഡി.സി.ക്കും നന്ദി പറഞ്ഞുകൊണ്ട് വീഡിയോ പങ്കുവച്ചു.
തന്റെ സുഹൃത്തുക്കളുടെ ഗ്രൂപ്പിൽ പങ്കുവെച്ച വീഡിയോയിൽ ഐസൊലേഷൻ കാലത്ത് അവർക്ക് ലഭിച്ച സൗകര്യങ്ങൾ അടക്കമുള്ളവ വിശദീകരിക്കുന്നുണ്ട്. സാമ്പിൾ പരിശോധിച്ച് വൈറസ് ബാധയില്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് റെബേക്ക പുറത്തിറങ്ങിയത്. കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഐസൊലേഷനിൽ കഴിയുന്ന വിദേശികൾ ഉൾപ്പെടെയുള്ളവർക്ക് മികച്ച സൗകര്യമാണ് ജില്ലയിൽ ഒരുക്കിയിട്ടുള്ളത്. വിനോദ സഞ്ചാര വകുപ്പിന് കീഴിലുള്ള കെ.​റ്റി.ഡി.സി.യുടെ റിസോർട്ടുകൾ, സ്വകാര്യ റിസോർട്ടുകൾ എന്നിവിടങ്ങളിലാണ് വിദേശ വിനോദ സഞ്ചാരികളെ ഐസൊലേഷനിൽ പാർപ്പിച്ചിരിക്കുന്നത്.അവർ ആവശ്യപ്പെടുന്ന തരത്തിലുള്ള ഭക്ഷണവും മറ്റ് സൗകര്യങ്ങളും ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ നൽകുന്നുണ്ട്. ഒമ്പത് വിദേശികളെയാണ് കഴിഞ്ഞ ദിവസം വരെ ഐസൊലേഷനിൽ പാർപ്പിച്ചിരുന്നത്. ഇന്നലെ ഇത് നാലായി കുറഞ്ഞു.

യു.എസ് സ്വദേശികളായ രണ്ടുപേർ ഐസൊലേഷനിൽ തുടരാൻ ആവശ്യപ്പെട്ടപ്പോൾ സ്വകാര്യ റിസോർട്ടിൽ താമസിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചതിനെ തുടർന്ന് അതിനുള്ള അനുമതിയും നൽകിയിരുന്നു. ഐസൊലേഷനും സാമ്പിൾ പരിശോധനയ്ക്കും ശേഷം ഇവർക്ക് രോഗ ബാധയില്ലെന്ന് തെളിഞ്ഞിട്ടുണ്ട്. ഉടൻ തിരികെ പോകാതെ കേരളത്തിൽ തുടരാനാണ് ഇവർ താത്പര്യം പ്രകടിപ്പിച്ചിട്ടുള്ളത്.