ambala

അമ്പലപ്പുഴ: കൊറോണ ജാഗ്രതയെ തുടർന്ന് കർശന നിയമങ്ങൾ നി​ലവി​ൽ വന്ന ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തിരക്കില്ലാതെ ഒ.പികളും വാർഡുകളും. രോഗികളെ കാണാൻ സന്ദർശകരുടെ തിരക്കുമില്ല.വൈകിട്ട് 4മുതൽ 7 മണി വരെ ഉണ്ടായിരുന്ന സന്ദർശകർക്കുള്ള പ്രവേശനം നിരോധിച്ചിരിക്കുകയാണ്. അത്യാവശ്യമുള്ള രോഗികൾ മാത്രം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വന്നാൽ മതിയെന്നാണ് അധികൃതരുടെ നി​ർദ്ദേശം. അൾട്രാ സൗണ്ട് സ്കാൻ, സി.ടി സ്കാൻ മുതലായ പരിശോധനകളും അത്യാവശ്യ രോഗികൾക്കു മാത്രമായി ചുരുക്കിക്കഴിഞ്ഞു. അടിയന്തിര ശസ്ത്രക്രിയ മാത്രമെ നടക്കുന്നുള്ളൂ. വാർഡുകളിലും അത്യാവശ്യ രോഗികളെ മാത്രമേ പ്രവേശിപ്പിക്കുന്നുള്ളു. നിലവിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഇവിടെ ജാഗ്രത തുടരുകയാണ്. ദിവസേന ജില്ലയുടെ നാനാഭാഗത്തു നിന്നും നൂറുകണക്കിനു രോഗികൾ പരിശോധനയ്ക്കെത്തിയിരുന്ന ഒ.പി കളിൽ അത്യാവശ്യക്കാർ മാത്രമേ വരുന്നുള്ളു. ഒരു മീറ്റർ അകലത്തിൽ ലൈൻ നിർത്തിയാണ് രോഗികളെ പ്രവേശിപ്പിക്കുന്നത്. 24 മണിക്കൂറും തിരക്കുണ്ടായിരുന്ന അത്യാഹിത വിഭാഗത്തിലും തിരക്കൊട്ടുമില്ല. പൊതുവെ വാഹനാപകടങ്ങളും കുറഞ്ഞു. ജീവനക്കാരും രോഗികളും മാസ്ക് ഉപയോഗിക്കുന്നുണ്ട്. നിലവിൽ 6 പേർ മാത്രമേ കൊറോണ ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിലുളളു. പന്ത്രണ്ടാം വാർഡിൽ ഒരുക്കിയിരിക്കുന്ന ഐസൊലേഷനിൽ 22 മുറികളാണുള്ളത്. പതിനൊന്നാം വാർഡിൽ 22 മുറികൾ സെറ്റു ചെയ്തു വരുന്നുണ്ട്. ഇതും കൂടി ആകുമ്പോൾ ആകെ 44 മുറികൾ കൊറോണ ഐസൊലേഷനായി മാറും. വാർഡുകളിലും അത്യാവശ്യ രോഗികൾ മാത്രമുള്ളതിനാൽ ഒട്ടും തിരക്കനുഭവപ്പെടുന്നില്ല. വൈകുന്നേരമെത്തിക്കൊണ്ടിരുന്ന സന്ദർശകർ ഇല്ലാത്തതു കൊണ്ട് യാതൊരു തിക്കും തിരക്കുമില്ലാതെ ആശുപത്രിയുടെ പ്രവർത്തനം മുന്നോട്ടു പോകുന്നുണ്ട്.

........................

ആശുപത്രിയിൽ അത്യാവശ്യ രോഗികൾ മാത്രം എത്തുക. സന്ദർകരെ പ്രവേശിപ്പിക്കില്ല. ആശുപത്രി ജീവനക്കാർ നൽകുന്ന നിബന്ധനകൾ കൃത്യമായും പാലിക്കണം. തിക്കും തിരക്കുമില്ലാതെ ആശുപത്രിയുടെ പ്രവർത്തനം സുഗമമായി മുന്നോട്ടു കൊണ്ടു പോകാൻ പൊതു ജനങ്ങൾ സഹകരിക്കണം .

ഡോ.ആർ.വി.രാംലാൽ ആശുപത്രി സൂപ്രണ്ട്

...........

6

നിലവിൽ 6 പേർ മാത്രമേ കൊറോണ ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിലുളളു.

22

പന്ത്രണ്ടാം വാർഡിൽ ഒരുക്കിയിരിക്കുന്ന ഐസൊലേഷനിൽ 22 മുറികളാണുള്ളത്.

44

പതിനൊന്നാം വാർഡിൽ 22 മുറികൾ കൂടി ആകുമ്പോൾ ആകെ 44 മുറികൾ കൊറോണ ഐസൊലേഷനായി മാറും.