ആലപ്പുഴ: ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിച്ച കേസിൽ അച്ഛനും മകനുമടക്കം 3പേർ അറസ്റ്റിലായി. കുതിരപ്പന്തി പനഞ്ചിക്കൽ വീട്ടിൽ ഹസൻകുട്ടി(65),മകൻ മുനീർ(35),മുനീറിന്റെ സുഹൃത്ത് കുതിരപ്പന്തി റോസ് ഹൗസിൽ ഷെമീർ(35) എന്നിവരെയാണ് സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. സംസാരശേഷിയില്ലാത്ത 35കാരിയെ 2019 നവംബർ മുതൽ ഇവർ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച് വരികയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കടുത്ത ശാരീരിക,മാനസിക പീഡനങ്ങളെ തുടർന്ന് വിഷാദരോഗം ബാധിച്ച യുവതി മാതാവിനോട് പീഡന വിവരം പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഹസൻകുട്ടിയുടെ വീട്ടിൽ വച്ചാണ് യുവതി ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്. സൗത്ത് സി.എെ എം.കെ.രാജേഷ്,പ്രിൻസിപ്പൽ എസ്.എെ രതീഷ് ഗോപി ,പ്രൊബേഷണറി എസ്.എെ സുനേഖ് ജയിംസ്,സി.പി.ഒമാരായ അരുൺ കുമാർ,ദിനുലാൽ ബിനു,അബിഷ് എബ്രഹാം എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.