ആലപ്പുഴ: കൊറോണയുടെ പശ്ചാത്തലത്തിൽ ജനങ്ങളുടെ ശുചിത്വ ബോധം കൂടിയപ്പോൾ പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ഡി.പിയുടെ ഹാൻഡ് സാനിട്ടൈസറിന് വൻ ഡിമാൻഡ്. ചില്ലറ വില്പനശാലയ്ക്കു മുന്നിൽ ജനങ്ങളുടെ നീണ്ട ക്യൂവാണ്. ആയിരം ബോട്ടിലാണ് പ്രതിദിനം ഇതുവഴി വില്ക്കുന്നത്. സംസ്ഥാനത്തെ ആവശ്യം പരിഗണിച്ച് ഇന്ന് മുതൽ പ്രതിദിനം അര ലിറ്ററിന്റെ ഒരു ലക്ഷം ബോട്ടിലുകൾ ഉല്പാദിപ്പിക്കും. പക്ഷേ, അസംസ്കൃത വസ്തുവായ സ്പിരിറ്റിന് വില കൂടി. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് ഇതു കിട്ടുന്നതിനും ബുദ്ധിമുട്ട് അനുഭവപ്പെട്ടു തുടങ്ങി.
കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷനാണ് ഹാൻഡ് സാനിട്ടൈസർ നിർമിച്ച് നൽകാൻ കെ.എസ്.ഡി.പിയോട് ആവശ്യപ്പെട്ടത്. സ്ഥാപനത്തിൽ ഇതിന്റെ ഉല്പാദനം ഇല്ലായിരുന്നു. 2000 ബോട്ടിലാണ് ആദ്യം നിർമിച്ചത്. തുടർന്ന് പത്തനംതിട്ട,തിരുവനന്തപുരം, കൊല്ലം ജില്ലകളിലേക്കായി അരലക്ഷം ബോട്ടിലിന്റെ ഓർഡറുകൾ കോർപ്പറേഷൻ നൽകി.അതോടെ പുതിയ മെഷീൻ വാങ്ങി. ഉല്പാദനം കൂട്ടാൻ മുഖ്യമന്ത്രിയും നിർദ്ദേശിച്ചു.
സ്പിരിറ്റ് വെല്ലുവിളി
# ഐസോ പ്രൊപ്പൈൽ ആൽക്കഹോൾ എന്നറിയപ്പെടുന്ന സ്പിരിറ്റാണ് മുഖ്യ അസംസ്കൃത വസ്തു.
# ചില മരുന്നുകളുടെ നിർമ്മാണത്തിനായി സ്റ്റോക്കു ചെയ്തിരുന്ന സ്പിരിറ്റ് ഉപയോഗിച്ചാണ് 2000 ബോട്ടിലുകൾ നിർമിച്ചത്.
# മഹാരാഷ്ട്രയിൽ നിന്നും ബംഗളൂരുവിൽ നിന്നും രണ്ട് ലോഡു വീതം വരുത്തിയിട്ടുണ്ട്. ഇപ്പോൾ ക്ഷാമമുണ്ട്. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് എത്തിക്കാനുള്ള ശ്രമത്തിലാണ്.
വില കൂടിയിട്ടും ഡിമാൻഡ്
# ബോട്ടിലിന് 125 രൂപയ്ക്കാണ് നൽകിയിരുന്നത്.അന്ന് സ്പിരിറ്റിന്റെ വില ലിറ്ററിന് 120 രൂപ
# ഇപ്പോൾ സ്പിരിറ്റിന് വില 190 രൂപ. സാനിട്ടൈസറിന്റെ വില ബോട്ടിലിന് 200. (മാർക്കറ്റിൽ സമാന ഉത്പന്നത്തിന് 500-600 രൂപ വിലയുണ്ട്).