ആലപ്പുഴ : സർക്കാർ നിർദ്ദേശം ലംഘിച്ച് വിവാഹം വിപുലമായി നടത്തിയതിന് പൊലീസ് കേസെടുത്തു. ആലപ്പുഴ ടൗൺ ഹാളിൽ നടന്ന, ആറാട്ടുവഴി സ്വദേശിയുടെ മകളുടെ വിവാഹത്തിനെതിരെയാണ് നടപടി.

വിവാഹവുമായി ബന്ധപ്പെട്ട് ആളുകൾ കൂടുന്നത് ലഘൂകരിക്കണമെന്നു ആവശ്യപ്പെട്ട് വധുവിന്റെ പിതാവിന് അമ്പലപ്പുഴ തഹസിൽദാർ നോട്ടീസ് നൽകിയിരുന്നു. 13 ന് തഹസിൽദാർ നേരിട്ടെത്തി കുടുംബാംഗങ്ങളെ കണ്ടപ്പോൾ, 60 പേരിൽ കൂടുതൽ വിവാഹത്തിൽ പങ്കെടുക്കില്ല എന്നുള്ള ഉറപ്പ് വീട്ടുകാർ നൽകിയിരുന്നു. ഹാൾ ബുക്ക് ചെയ്തതിന് ചെലവായ തുക തിരിച്ചു നൽകാനും തയ്യാറായിരുന്നു. എന്നാൽ ആയിരത്തിലധികം ആളുകളാണ് വിവാഹത്തിന് എത്തിച്ചേർന്നത്.

തുടർന്ന് സ്ഥലത്തുണ്ടായിരുന്ന മുനിസിപ്പൽ കൗൺസിലറുടെ സഹായത്തോടെ മൈക്ക് അനൗൺസ്‌മെന്റ് നടത്തിയാണ് ജനങ്ങളെ പിരിച്ചു വിട്ടത്. തഹസിൽദാരുടെ നിർദ്ദേശപ്രകാരം ആലപ്പുഴ നോർത്ത് പൊലീസാണ് കേസ് രജിസ്​റ്റർ ചെയ്തത്.