ആലപ്പുഴ: ഒരു നാടിനെ പിടിച്ചു കുലുക്കിയ വൻസ്ഫോടനത്തിന്റെ നടുക്കത്തിൽ നിന്ന് മോചിതരായിട്ടില്ല പുളിങ്കുന്ന് നെൽപ്പുര കടവ് വീട്ടിൽ ജോയിച്ചനും ഭാര്യ കുഞ്ഞുമോളും. വെള്ളിയാഴ്ച ഉച്ചക്ക് 2.30ന് ഇടിമുഴക്കം പോലെ ശബ്ദം കേട്ട് കുഞ്ഞുമോൾ പുറത്തേക്ക് നോക്കിയപ്പോൾ വൻതോതിൽ പുക ഉയരുന്നതാണ് ആു്യം കണ്ടത്. ഒപ്പം നിലവിളിയുമുയരുന്നു. വീട്ടിൽ ഉണ്ടായിരുന്ന മകളുടെ മക്കളായ എബിൻ, ആൽബിൻ, ലിയ എന്നിവരുമായി കുഞ്ഞുമോൾ പുറത്തേക്ക് ഓടി. തൊട്ടടുത്ത് കട നടത്തുന്ന ഭർത്താവ് ജോയിച്ചൻ മിന്നൽ വേഗത്തിൽ എത്തി. അടുത്തുള്ളവരുടെ സഹായത്തോടെ 95വയസുള്ള ജോയിച്ചന്റെ പിതാവ് ദേവസ്യ ജോസഫിനെ പുറത്തേക്ക് എടുത്ത് അയൽ വീട്ടിൽ എത്തിച്ചു. ഈ സമയമത്രയും ഭയന്ന് വിറയ്ക്കുകയായിരുന്നു ഈ കുടുംബം. ഇവരുടെ വീടിന്റെ ഭിത്തിയിൽ നിന്ന് അഞ്ച് മീറ്റർ പോലും അകലത്തിലല്ലാത്ത, അനധികൃത പടക്ക നിർമ്മാണം നടക്കുന്ന രണ്ട് കെട്ടിടങ്ങളാണ് സ്ഫോടനത്തിൽ തകർന്നത്.
പടക്കനിർമ്മാണ ശാലയുടെ അവശിഷ്ടങ്ങൾ വീടിന്റെ മുകളിൽ വീണ് മേൽക്കൂരയിലെ ഷീറ്റും ഓടും തകർന്നു. ഷീറ്റിന്റെ പാളി അടർന്ന് വീണ് ദേവസ്യ ജോസഫിന് തലയ്ക്ക് ചെറിയ പരിക്കേറ്റു. അനധികൃത പടക്ക നിർമ്മാണത്തെ പലതവണ ഇവർ എതിർത്തതാണെങ്കിലും ഭീഷണി ഉയർന്നതിനാൽ അതു നിറുത്തി. പടക്കനിർമ്മാണ ശാലയുടെ വടക്കു ഭാഗത്തെ ജോജോ ജോസഫിന്റെ കെട്ടിടത്തിന്റെ മേൽക്കൂരയ്ക്കും സ്ഫോടനത്തിൽ നാശനഷ്ടമുണ്ടായി.