ചേർത്തല:കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഒ​റ്റക്കെട്ടായി മുന്നിട്ടിറങ്ങാൻ എസ്.എൻ.ഡി.പി യോഗം പ്രവർത്തകരോട് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ആഹ്വാനം ചെയ്തു. ഈ മഹാമാരിയെ ചെറുക്കാൻ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ നടത്തുന്ന എല്ലാ ശ്രമങ്ങൾക്കും യോഗം പിന്തുണ നൽകും.പ്രധാനമന്ത്റി നരേന്ദ്രമോദി നിർദ്ദേശിച്ച ജനതാ കർഫ്യൂ വിജയിപ്പിക്കാൻ എല്ലാ യോഗം,പോഷകസംഘടനാ പ്രവർത്തകരും മുന്നിട്ടിറങ്ങണം.ഇതിന്റെ ഭാഗമായി എല്ലാ യോഗം പ്രവർത്തകരും വീടുകളിൽ തന്നെ കഴിയണം. ശ്രീനാരായണ സന്ദേശങ്ങളിൽ പ്രധാനപ്പെട്ട, വ്യക്തിശുചിത്വവും പരിസര ശുചിത്വവും പ്രാവർത്തികമാക്കുകയാണ് പരമ പ്രധാനം. 65 വയസിന് മേൽ പ്രായമുള്ളവർക്ക് വീടുകളിൽ നിന്ന് പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യമാണ് നിലനിൽക്കുന്നത്.ഇവർക്ക് പൂർണ സംരക്ഷണം നൽകാൻ ശാഖ പ്രവർത്തകർ ശ്രദ്ധിക്കണം. ഇവരിൽ പാവപ്പെട്ടവരെ കണ്ടെത്തി അവർക്ക് ഭക്ഷണം,മരുന്ന് എന്നിവ വീട്ടിൽ എത്തിച്ചു നൽകാൻ യൂത്ത്മൂവ്മെന്റ് ,വനിതാസംഘം പ്രവർത്തകർ തയ്യാറാകണമെന്ന് വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.