ആലപ്പുഴ: നാടിനെ നടുക്കിയ ദുരന്തത്തിൽ കലാശിച്ചത് വിഷു ലക്ഷ്യമാക്കിയുള്ള പടക്കം നിർമ്മണം. ലക്ഷക്കണക്കിന് രൂപയുടെ ഓലപ്പടക്കമാണ് ഇന്നലെ പുളിങ്കുന്ന് ബിനോയിയുടെ വീട്ടിൽ നിന്ന് പൊലീസ് പിടിച്ചെടുത്തത് . അടുക്കളയുടെ അടിഭാഗത്തെ നിലവറയിലാണ് നിരോധിത സ്ഫോടക വസ്തുക്കൾ സൂക്ഷിച്ചിരുന്നത്. ഗ്യാസ് അടുപ്പ് ഉപയോഗിക്കുന്ന ഭാഗത്ത് പൊലീസ് ചവിട്ടിയപ്പോൾ തറ ഇളകി. പരിശോധനയിൽ രണ്ട് അടി സമചതുരത്തിൽ പലകയുടെ പുറത്ത് ടൈൽസ് ഒട്ടിച്ചതായി ബോധ്യപ്പെട്ടു. തുടർന്ന് പലക ഇളക്കിയപ്പോൾ താഴേക്ക് ഇരുപ്പ് പൈപ്പിൽ നിർമ്മിച്ച ചവിട്ടുപടി കണ്ടു. ഇതിലൂടെ നിലവറയിലേക്ക് ഇറങ്ങിയ പൊലീസ് ഞെട്ടിപ്പോയി. നിരോധിത സ്ഫോടക വസ്തുക്കളുടെ വലിയശേഖരമാണ് കണ്ടെത്തിയത്. തുടർന്ന് ഫോറൻസിക് വിഭാഗത്തെ അറിയിച്ചു. സ്ഫോടക വസ്തുക്കൾ പുളിങ്കുന്ന് പൊലീസ് കസ്റ്റഡിയിൽ എടുത്തു.
പൊലീസിനും വീഴ്ച
പൊലീസിന്റെ മൂക്കിന് താഴെയാണ് അനധികൃത പടക്ക നിർമ്മാണശാല പ്രവർത്തിച്ചിരുന്നത്. പരാതിയില്ലാത്തതിനാൽ അന്വേഷണം നടത്തിയില്ലെന്നാണ് പൊലീസിന്റെ ഭാഷ്യം. പഞ്ചായത്തും റവന്യൂ അധികാരികളും അനധികൃത പടക്ക നിർമ്മാണ ശാലക്ക് മൗനാനുവാദം നൽകിയതായി ആരോപണം ഉയർന്നിട്ടുണ്ട്. ഇതേ പടക്ക നിർമ്മാണ ശാലയിൽ 20വർഷം മുമ്പ് ഉണ്ടായ സ്പോടനത്തിൽ ഒരാൾ മരിച്ചിരുന്നു. എന്നിട്ടും നടപടി എടുക്കുന്നതിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വീഴ്ച വരുത്തിയതാണ് ഇപ്പോഴത്തെ ദുരന്തത്തിന് കാരണം.