ആലപ്പുഴ : പ്രളയാനന്തര വായ്പയ്ക്കുള്ള സബ്‌സിഡിയായി സംസ്ഥാന സർക്കാർ ജില്ലയ്ക്ക് 28.41 കോടി രൂപ അനുവദിച്ചു. സംസ്ഥാനതലത്തിൽ വിവിധ ജില്ലകൾക്കായി 131.17 കോടി രൂപയാണ് അനുവദിച്ചത്. ജില്ലയിലെ 55 പഞ്ചായത്തുകളിലെ 5055 അയൽക്കൂട്ടങ്ങളിലെ 55420 അംഗങ്ങൾക്കായി 453 കോടി രൂപയാണ് വിവിധ ബാങ്കുകളിൽ നിന്നായി വായ്പ നൽകിയത്. സംസ്ഥാന സർക്കാരിന്റെ സബ്സിഡി തുകയുടെ പ്രയോജനം ഏറെ ലഭിച്ചത് പ്രളയം തകർത്തെറിഞ്ഞ കുട്ടനാടിനാണ്. 28.41 കോടിയിൽ 15 കോടിയിലധികം രൂപ കുട്ടനാട്ടിലെ 12 സിഡിഎസുകൾക്കാണ്. വീട്ടുപകരണങ്ങൾ നഷ്ടപ്പെട്ട കുടുംബശ്രീ അയൽക്കൂട്ട അംഗങ്ങൾക്കായി നൽകിയ പലിശ രഹിത വായ്പയുടെ സബ്‌സിഡിയാണ് ഇപ്പോൾ അനുവദിച്ചിരിക്കുന്നത്. ജില്ലാ സഹകരണ ബാങ്കും കാനറാ ബാങ്കുമാണ് ഏറ്റവുമധികം തുക വായ്പ നൽകിയത്. അയൽക്കൂട്ട അംഗങ്ങൾ അടച്ച ഒമ്പതു ശതമാനം പലിശയാണ് സബ്‌സിഡിയായി വിതരണം ചെയ്യുന്നത്. അടുത്തയാഴ്ച മുതൽ ഇത് വിതരണം ചെയ്തു തുടങ്ങും.