ആലപ്പുഴ: വാഹനത്തിൽ കടത്താൻ ശ്രമിച്ച പത്ത് ലക്ഷം രൂപ വിലവരുന്ന നിരോധിത പുകയില ഉത്പന്നങ്ങളുമായി യുവാവിനെ ആലപ്പുഴ സൗത്ത് പൊലീസ് അറസ്റ്റു ചെയ്തു. ആലപ്പുഴ നഗരസഭ എം.ഒ വാർഡിൽ ഹെഡ്പോസ്റ്റ് ഓഫീസിന് സമീപം കിഴക്കേതോപ്പിൽ അബ്ദുൾ മുനീഫിനെയാണ് (28) സി.ഐ എം.കെ.രാജേഷിന്റെ നേതൃത്വത്തിലുള്ള നേതൃത്വത്തിലുള്ള പൊലീസ് സംഘം ഉന്നലെ ഉച്ചയ്ക്ക് ഇരുമ്പുപാലത്തിന് സമീപത്തു നിന്ന് അറസ്റ്റു ചെയ്തത്.
ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ കൊത്തമായും ചില്ലറയായും നിരോധിത പുകയകല ഉത്പന്നങ്ങൾ എത്തിച്ചു വരുകയായിരുന്നു ഇയാളെന്ന് പൊലീസ് പറഞ്ഞു. കുറഞ്ഞ വിലയ്ക്ക് കർണ്ണാടകയിൽ നിന്നാണ് ഹാൻസ് എത്തിക്കുന്നത്. ലഹരി മാഫിയയ്ക്ക് എതിരെ സൗത്ത് പൊലീസ് രൂപീകരിച്ച ഡാർക്ക് ഡെവിൾ എന്ന ഓപ്പറേഷന്റെ ഭാഗമായി നടത്തിയ റെയിഡിലാണ് അബ്ദുൾ മുനീഫ് കുടുങ്ങിയത്. കഴിഞ്ഞ ഒന്നര മാസമായി നിരീക്ഷണത്തിലായിരുന്നു. പുകയില ഉത്പന്നങ്ങൾ വിറ്റു കിട്ടുന്ന അമിത ലാഭമാണ് കച്ചവടത്തിന് പ്രേരണയായതെന്ന് അബ്ദുൾ മുനീഫ് പൊലീസിനോട് പറഞ്ഞു. ലഭിക്കുന്ന പണം ആഡംബര ജീവിതത്തിനാണ് ഉപയോഗിച്ചിരുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി. പ്രിൻസിപ്പൽ എസ്.ഐ രതീഷ് ഗോപി, എസ്.ഐ സുനേവ് ജെയിംസ്, എ.എസ്.ഐ മോഹൻകുമാർ, സി.പി.ഒമാരായ ദിനുലാൽ, അരുൺകുമാർ, പ്രവീഷ്, അബീഷ് ഇബ്രാഹിം, സിദ്ദിഖ് എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.