പാലം പൊളിച്ചുപണിയാൻ കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തിന്റെ അനുമതി
ആലപ്പുഴ: ആലപ്പുഴ-ചങ്ങനാശേരി ജലപാതയിലെ കെ.സി പാലം പൊളിച്ചു പണിയാൻ കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം സംസ്ഥാന സർക്കാരിന് അനുമതി നൽകി. കിടങ്ങറ- പുളിങ്കുന്ന് കണ്ണാടി റോഡിനു കുറുകെ വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ച വീതി കുറഞ്ഞ പാലം കുട്ടനാട്, ചങ്ങനാശേരി താലൂക്കുകളിലെ ജലമാർഗമുള്ള ഗതാഗതത്തിനു തടസമാണ്. പാലത്തിന്റെ വീതിയില്ലായ്മയും പൊക്കക്കുറവും കാലപ്പഴക്കവും കാരണം വലിയ വള്ളങ്ങൾക്കും ബോട്ടുകൾക്കും ഹൗസ് ബോട്ടുകൾക്കും അടിയിലൂടെ കടന്നുപോകാൻ കഴിയുന്നില്ല. ആലപ്പുഴയിൽ നിന്നു ചങ്ങനാശേരിയിലേക്കും തിരിച്ചും ബോട്ട് സർവീസുകൾ നിലച്ചു. കഴിഞ്ഞ പ്രളയകാലത്ത് ദുരിതബാധിരെ മറ്റു സ്ഥലങ്ങളിലേക്ക് മാറ്റാനും ഈ പാലമൊരു തടസമായിരുന്നു.
ആലപ്പുഴ -ചങ്ങനാശേരി ജലപാത കേന്ദ്ര ഇൻലാൻഡ് ജലപാത അതോറിട്ടിയുടെ കീഴിലാണ്. അതിനാൽ കെ.സി പാലവും ജലപാതയുടെ ഭാഗമാണ്. 2016 ഏപ്രിലിലാണ് ജലപാതയെ ദേശീയ ജലപാതയായി പ്രഖ്യാപിച്ചതും ദേശീയ ജലപാത അതോറിട്ടി വിശദമായി പദ്ധതി റിപ്പോർട്ട് തയ്യാറാക്കി വികസന നടപടികൾ ആരംഭിച്ചതും. ഇനി സംസ്ഥാന സർക്കാരിന്റെ അഭിപ്രായം കൂടി അറിഞ്ഞശേഷം വിശദമായ റിപ്പോർട്ട് തയ്യാറാക്കി അംഗീകരിക്കും. കെ.സി പാലം ദേശീയ ജലപാതയ്ക്ക് കുറുകെ പൊളിച്ചു പണിയുന്നതിനായി 36. 70 കോടിയുടെ എസ്റ്റിമേറ്റ് കേരള പൊതുമരാമത്ത് ബ്രിഡ്ജസ് ചീഫ് എൻജിനീയർ തയ്യാറാക്കി ഇൻലാൻഡ് വാട്ടർവെയ്‌സ് അതോറിട്ടി ഒഫ് ഇന്ത്യക്ക് നൽകി.
എന്നാൽ സംസ്ഥാന സർക്കാർ പ്രത്യേക ഫോറത്തിൽ അപേക്ഷിച്ചാൽ പാലം നിർമ്മാണത്തിൽ നാവിഗേഷൻ ക്ലിയറൻസിന്റെ എൻ.ഒ.സി നൽകാമെന്ന് അറിയിച്ചിട്ടുണ്ട്. കെ.സി പാലം പൊളിച്ചു പണിയുന്നത് ഇൻലാൻഡ് വാട്ടർവെയ്‌സ് അതോറിട്ടി ഒഫ് ഇന്ത്യയുടെ വ്യവസ്ഥകൾക്ക് വിധേയമായിരിക്കണമെന്നു നിർദ്ദേശിച്ചിരുന്നു. നിബന്ധനകൾ പാലിക്കുന്ന തരത്തിലുള്ള പദ്ധതി റിപ്പോർട്ട് സമർപ്പിച്ചതിനാലാണ് പാലംപണിക്കുള്ള എൻ.ഒ.സി ലഭിച്ചത്.
.................................
ലോക്‌സഭയുടെ ശീതകാല സമ്മേളനം നടന്ന 2019 ഡിസംബർ രണ്ടിനാണ് കെ.സി പാലം പൊളിച്ചു പണിയാൻ കേന്ദ്ര സർക്കാരിന്റെ അനുമതി ആവശ്യപ്പെട്ടുകൊണ്ട് ലോക്‌സഭയിൽ സബ്മിഷൻ ഉന്നയിച്ചത്. അതിനുള്ള മറുപടിയിലാണ് കേന്ദ്ര ഷിപ്പിംഗ് മന്ത്രി കെ.സി പാലത്തിന്റെ പുനർനിർമാണത്തിന് അനുമതി നൽകിയത്
(കൊടിക്കുന്നിൽ സുരേഷ് എം.പി)