ആലപ്പുഴ:കൊറോണ നിരീക്ഷണത്തിന് വിധേയരാക്കുന്നവരെ പാർപ്പിക്കാൻ സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമായി 147 സ്ഥാപനങ്ങളിൽ കെയർ സെന്ററുകൾ ഒരുക്കും. ഇവിടങ്ങളിൽ ആകെ 21,866 മുറികളാണ് ഉടൻ സജ്ജമാക്കുക. ചീഫ് സെക്രട്ടറിയുടെ നിർദ്ദേശ പ്രകാരം കെയർ സെന്റർ തുടങ്ങേണ്ട സ്ഥാപനങ്ങൾ കളക്ടർമാരാണ് കണ്ടെത്തിയത്. കൊറോണ വ്യാപനത്തിൽ നേരിയ വർദ്ധന കണ്ടതിനാലാണ് ഈ കരുതൽ നടപടി.
മുറികൾ തയ്യാറാക്കുന്നത് പൊതുമരാമത്ത് വകുപ്പ് ബിൽഡിംഗ്സ് വിഭാഗമാണ്. അവർ നിർമ്മാണ ജോലികൾ ഇന്ന് തുടങ്ങും. എല്ലാ ജില്ലകളിലും ബിൽഡിംഗ് വിഭാഗം എക്സിക്യൂട്ടിവ് എൻജിനിയർമാർക്കാണ് മേൽനോട്ടം.

നിലവിൽ മെഡിക്കൽ കോളേജ് ആശുപത്രികളിലും ജനറൽ ആശുപത്രി, ജില്ലാ ആശുപത്രി, താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലുമാണ് ഐസൊലേഷൻ വാർഡുകൾ പ്രവർത്തിക്കുന്നത്.

#കെയർ സെന്ററുകൾ ഇവിടങ്ങളിൽ

--ഗവ.മെഡി.കോളേജ് ആശുപത്രികൾ

--സ്വകാര്യ മെഡി. കോളേജ് ആശുപത്രികൾ

--സ്വകാര്യ ആശുപത്രികൾ

--പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ

--സ്കൂളുകൾ,ഹോസ്റ്റലുകൾ,

--പൊതുമരാമത്ത് റസ്റ്റ് ഹൗസുകൾ

--ട്രെയിനിംഗ് സെന്ററുകൾ

--സർക്കാർ സ്ഥാപനങ്ങൾ

--ആരോഗ്യ പരിപാലന കേന്ദ്രങ്ങൾ

# കൂടുതൽ കേന്ദ്രങ്ങൾ വടക്ക്

കൂടുതൽ കേന്ദ്രങ്ങളും മുറികളും തൃശൂർ മുതൽ വടക്കോട്ടുള്ള ജില്ലകളിലാണ്. തിരുവനന്തപുരം മുതൽ എറണാകുളം വരെയള്ള ജില്ലകളിൽ 37 സ്ഥാപനങ്ങളിലായി 2370 മുറികളാണ് ഒരുക്കുക.തൃശൂർ മുതൽ കാസർകോടു വരെ 110 സ്ഥാപങ്ങളിലായി 19,496 മുറികൾ തയ്യാറാക്കും.വയനാട്ടിലാണ് ഏറ്റവുമധികം-11,051. കുറവ് കോട്ടയത്തും,ഒരു സ്ഥാപനത്തിൽ രണ്ട് മുറികൾ മാത്രം.

# കേന്ദ്രങ്ങളുടെ എണ്ണവും മുറികളും

തിരുവനന്തപുരം: 10 (1301)

കൊല്ലം: 12(455)

പത്തനംതിട്ട: 2 (36)

ആലപ്പുഴ: 1 (21)

കോട്ടയം: 1 (2),

ഇടുക്കി: 7 (178)

എറണകുളം:4 (377),

തൃശൂർ:25 (2660)

പാലക്കാട്: 1 (570)

മലപ്പുറം: 6 (103)

കോഴിക്കോട്: 34 (4002)

വയനാട്: 30 (11,051)

കണ്ണൂർ:11 (960),

കാസർകോട്: 3 (150)