ആലപ്പുഴ: കൊറോണ വ്യാപനം തടയാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നൽകിയിട്ടുള്ള നിർദ്ദേശങ്ങൾ കരാറുകാർ കർശനമായി പാലിക്കുമെന്ന് കേരള ഗവൺമെന്റ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വർഗീസ് കണ്ണമ്പള്ളി അറിയിച്ചു.
ഇതനുസരിച്ച് പണികൾ മാർച്ച് 31 വരെ നിറുത്തിവയ്ക്കും. ഇക്കാര്യം കരാറുകാർ നേരിട്ട് ജില്ലാ ഭരണകൂടത്തെയും എൻജിനിയറിംഗ് വകുപ്പുകളിലും അറിയിയിക്കും. മാർച്ചിൽ പൂർത്തിയാക്കേണ്ടിയിരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവൃത്തികൾ കൊറോണ പ്രശ്നത്താലും തൊഴിലാളികളുടെയും നിർമ്മാണ വസ്തുക്കളുടെയും ക്ഷാമം മൂലവും പൂർത്തിയാക്കാൻ കഴിയില്ല. കുടിശകയുടെ വിഷയവുമുണ്ട്.
നിർമ്മാണ ജോലികളുടെ പുർത്തിയാക്കൽ കാലാവധി മേയ് 31 വരെ ദീർഘിപ്പിക്കണമെന്ന് മുഖ്യമന്ത്റിയോട് അസോസിയേഷൻ അഭ്യർത്ഥിച്ചിട്ടുണ്ട്.സംസ്ഥാന ധനമന്ത്റി പ്രഖ്യാപിച്ച 20,000 കോടി രൂപയുടെ പാക്കേജ് നടപ്പാക്കുന്നത് നിർമ്മാണമേഖലയിലുൾപ്പെടെ നിലനില്ക്കുന്ന മാന്ദ്യംപരിഹരിക്കുന്നതിന് സഹായകമാകും.
ഇതര സംസ്ഥാന തൊഴിലാളികൾ സംസ്ഥാനം വിട്ടു പോകുന്നത് ഒഴിവാക്കാൻ അവർക്ക് ആശ്വാസ പദ്ധതി നടപ്പാക്കണം. അയൽ സംസ്ഥാനത്തു നിന്നും കേരളത്തിലേക്കുള്ള നിർമ്മാണ വസ്തുക്കളുടെ വരവ് പുനരാരംഭിക്കുന്നതിന് തമിഴ്‌നാട് ,കർണാടക സർക്കാരുകളുമായി സംസ്ഥാന സർക്കാർ ചർച്ച നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.