ആലപ്പുഴ : വെള്ളത്തിൽ വീണുണ്ടാകുന്ന അപകടങ്ങളും റോഡപകടങ്ങളും പതിവായ കുട്ടനാട്ടിൽ എ.സി റോഡ

രികിൽ ഫയർ സ്റ്റേഷൻ വേണമെന്ന് ആവശ്യമുയരുന്നു. ഇപ്പോൾ എന്തെങ്കിലും അപകടങ്ങൾ സംഭവിച്ചാൽ ആലപ്പുഴ,ചങ്ങനാശേരി,തകഴി എന്നിവിടങ്ങളിൽ നിന്ന് ഫയർഫോഴ്സ് എത്തിയാണ് രക്ഷാ പ്രവർത്തനം നടത്തുന്നത്.ദൂരസ്ഥലങ്ങളിൽ നിന്നു ഫയർഫോഴ്സ് എത്തുന്നത് പലപ്പോഴും രക്ഷാപ്രവർത്തനം വൈകുന്നതിനും ഇടയാക്കും.കുട്ടനാടിന്റെ മദ്ധ്യത്തിലൂടെ കടന്നുപോകുന്ന ആലപ്പുഴ - ചങ്ങനാശ്ശേരി റോഡിൽ നിരവധി റോഡപകടങ്ങളും മരണവും നിത്യസംഭവമാണ്.

എ.സി റോഡിൽ രാമങ്കരിയിൽ പുതിയ ഫയർസ്റ്റേഷൻ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് രാമങ്കരി ഗ്രാമപഞ്ചായത്ത് അധികൃതർ മുഖ്യമന്ത്രിക്ക് നിവേദനം നൽകി.

ചെറുതും വലുതുമായ നിരവധി ദ്വീപുകളും ആറുകളും തോടുകളും കായലും പാടശേഖരങ്ങളും ഉള്ള കുട്ടനാട്ടിൽ മുങ്ങിമരണങ്ങളും പതിവാണ്. ആയിരത്തിലധികം ഹൗസ് ബോട്ടുകളും റിസോർട്ടുകളും പ്രവർത്തിക്കുന്ന കുട്ടനാട്ടിൽ വിവിധ രാജ്യങ്ങളിൽ നിന്നും എത്തുന്ന വിനോദസഞ്ചാരികൾ ബോട്ട് മുങ്ങിയും, ബോട്ടുകൾക്ക് തീ പിടിച്ചും അപകടത്തിൽ പെടുകയും മുങ്ങി മരിക്കുകയും ചെയ്യുന്നുണ്ട്.

ഒരാഴ്ചക്കുള്ളിൽ മൂന്ന് അപകടങ്ങൾ

 മാർച്ച് 20: പുളിങ്കുന്നിൽ വെടിമരുന്ന് നിർമ്മാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ മൂന്ന് പേർ മരിച്ചു. 7പേർക്ക് പൊള്ളലേറ്റു.

 19: നെടുമുടിയിൽ ഒരാൾ ആറ്റിൽ മുങ്ങി മരിച്ചു.

 13: എ.സി റോഡിലെ സ്വകാര്യ ഹോട്ടലിൽ വലിയ തീ പിടിത്തമുണ്ടായി

 എന്തുകൊണ്ട് രാമങ്കരി

ആലപ്പുഴ - ചങ്ങനാശ്ശേരി റോഡിന് മദ്ധ്യഭാഗമായ രാമങ്കരിയിൽ ഫയർസ്റ്റേഷൻ സ്ഥാപിച്ചാൽ കുട്ടനാടിന്റെ എല്ലാ ഭാഗത്തേക്കും രക്ഷാപ്രവർത്തനത്തിന് വേഗത്തിൽ എത്താൻ കഴിയും. പുതിയ ഫയർസ്റ്റേഷൻ നിർമ്മിക്കുന്നതിനായി മാമ്പുഴക്കരിയിലെ അങ്കനവാടിക്ക് സമീപം 20സെന്റ് സർക്കാർ പുറംപോക്ക് സ്ഥലം വിട്ടുകൊടുക്കാൻ പഞ്ചായത്ത് സന്നദ്ധത അറിയിച്ചിരുന്നു. രാമങ്കരിയിൽ പുതിയ സ്റ്റേഷൻ സ്ഥാപിക്കുന്നതിന്റെ ആവശ്യകത ജില്ലാ ഫയർ ഓഫീസറും സർക്കാരിനെ ബോദ്ധ്യപ്പെടുത്തിയിരുന്നു. എന്നാൽ ഇപ്പോൾ സർക്കാർ തയ്യാറാക്കിയ മുൻഗണനാ ലിസ്റ്റിൽ രാമങ്കരി ഉൾപ്പെട്ടിട്ടില്ല.

"രാമങ്കരിയിൽ ഫയർസ്റ്റേഷൻ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് 2016ൽ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയതാണ്. ഇതിന് ആവശ്യമായ സ്ഥലവും വിട്ടു കൊടുക്കാമെന്ന് അറിയിച്ചിട്ടുണ്ട്.

ഡി.മഞ്ജു, പ്രസിഡന്റ്, രാമങ്കരി ഗ്രാമപഞ്ചായത്ത്