 ആഹ്വാനം ജനം ഏറ്റെടുത്തു

ആലപ്പുഴ: കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്നലെ രാജ്യവ്യാപകമായി നടന്ന ജനതാ കർഫ്യൂവിൽ ജില്ല നിശ്ചലമായി. രാവിലെ ഏഴിനാരംഭിച്ച കർഫ്യൂ ജില്ല ഒറ്റക്കെട്ടായി ഉൾക്കൊള്ളുകയായിരുന്നു.

സർക്കാർ ഓഫീസുകളൊന്നും തുറന്നില്ല. കെ.എസ്.ആർ.ടി.സിയും സ്വകാര്യ ബസുകളും സർവീസ് നടത്തിയില്ല. ദേശീയപാതയിലടക്കം ആട്ടോറിക്ഷകളും കാറുകളും അപൂർവ്വമായി മാത്രം കാണപ്പെട്ടു. കട കമ്പോളങ്ങളും പെട്രോൾ പമ്പുകളും അടഞ്ഞുകിടന്നു. എല്ലായിടത്തും പൊലീസ് പട്രോളിംഗ് നടത്തി. നാട്ടിൻപുറങ്ങളും നഗരമേഖലകളും ഒരേപോലെയാണ് പ്രധാനമന്ത്രിയുടെ ആഹ്വാനത്തോട് പ്രതികരിച്ചത്.

കളക്ടർ എം.അഞ്ജന ക്യാമ്പ് ഓഫീസിൽ ഇരുന്നാണ് കാര്യങ്ങൾ നിയന്ത്രിച്ചത്. വൈകിട്ട് വീഡിയോ കോൺഫറൻസിൽ പങ്കെടുക്കാൻ മാത്രമാണ് ഓഫീസിൽ എത്തിയത്. ഫയർഫോഴ്സ് അണുവിമുക്ത വെള്ളം ഉപയോഗിച്ച് റയിൽവേസ്റ്റേഷൻ, കെ.എസ്.ആർ.ടി.സി- സ്വകാര്യ ബസ് സ്റ്റേഷനുകൾ, ബോട്ട് ജെട്ടി, ജില്ലാക്കോടതി എന്നിവടങ്ങൾ കഴുകി വൃത്തിയാക്കിയ ശേഷം ബ്ളീച്ചിംഗ് പൗഡർ വിതറി. പൊലീസും പൊതുനിരത്തുകൾ ശുചീകരിച്ചു.

ഞായറാഴ്ചകളിൽ വൻതിരക്ക് അനുഭവപ്പെട്ടിരുന്ന ആലപ്പുഴ ബീച്ചിൽ ആരുംതന്നെ എത്തിയില്ല. പൊലീസ് ഈ ഭാഗത്ത് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഹോട്ടലുകൾ പൂർണമായും അടഞ്ഞുകിടന്നതിനാൽ ആലപ്പുഴ ജനകീയ ഭക്ഷണ ശാലയിൽ നിന്ന് കിടപ്പു രോഗികൾക്ക് മാത്രം കൃത്യമായി ഭക്ഷണം വിതരണം എത്തിച്ചുകൊടുത്തത് ആശ്വാസം പകർന്നു.

രാത്രിയിലും ജനങ്ങൾ വീടുകളിൽ തന്നെ കഴിയണമെന്ന പുതിയ നിർദേശം വന്നതോടെ, രാത്രിയിൽ പുറത്തിറങ്ങാൻ തീരുമാനിച്ചിരുന്നവരും വേണ്ടെന്നുവച്ചു. റെയിൽവേസ്റ്റേഷൻ വിജനമായി കിടന്നു. എടത്വ ജംഗ്ഷനിലെ വെയിറ്റിംഗ് ഷെഡ്ഡിൽ കിടന്ന ഷാജിക്ക് തലവടി ഗ്രാമ പഞ്ചായത്ത് അംഗം അജിത്ത് കുമാർ പിഷാരത്ത് ഭക്ഷണവും വെള്ളവും എത്തിച്ചുകൊടുത്തു.