കൂട്ടുപ്രതി ഒളിവിൽ
ആലപ്പുഴ: പുളിങ്കുന്നിലെ അനധികൃത പടക്കനിർമ്മാണ ശാല ഉടമ പുത്തൻപുരയ്ക്കൽ പി.വി.ആന്റണിയെ (തങ്കച്ചൻ-70) റിമാൻഡ് ചെയ്തു. പ്രതിയും ഇയാളുടെ ബന്ധുവുമായ ബിനോയ് (ബിനോച്ചൻ) ഒളിവിലാണ്.
കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചക്ക് 2.30ന് ഉണ്ടായ സ്‌ഫോടനത്തിൽ മൂന്ന് തൊഴിലാളികളാണ് മരിച്ചത്. പൊള്ളലേറ്റ ആറ് സ്ത്രീകൾ ഉൾപ്പെടെ ഏഴു പേർ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇവരിൽ നാലുപേരുടെ നില ഗുരുതരമായി തുടരുന്നു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പി.വി.ആന്റണിയെ ശനിയാഴ്ച രാത്രി പുളിങ്കുന്ന് സി.ഐ എസ്.നിസാമിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം വണ്ടകപ്പള്ളി ഭാഗത്ത് നിന്നാണ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്. ബിനോയിക്കായി അന്വേഷണം ശക്തമാക്കി. ബിനോയിയുടെ വീട്ടിലെ പ്രത്യേക അറകളിൽ നിന്ന് കണ്ടെത്തിയ 25 കിലോയിൽ അധികം സ്ഫോടക വസ്തുക്കൾ ഉൾപ്പെട്ട പൗഡറുകൾ സി.ഐ ഓഫീസിലെ പഴയ കെട്ടിടത്തിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇതിന് പുറമേ ലക്ഷക്കണക്കിന് രൂപയുടെ ഓലപ്പടക്കങ്ങളും വിവിധതരം മറ്റു പടക്കങ്ങളും പിടിച്ചെടുത്തിരുന്നു.
അപകടത്തിൽ പുളിങ്കുന്ന് മുപ്പതിൽ ചാക്കോചാണ്ടിയുടെ മകൻ ജോസഫ് ചാക്കോ (റെജി-50), പുളിങ്കുന്ന് മലയിൽ പുത്തൻ വീട്ടിൽ ലൈജുവിന്റെ ഭാര്യ ബിനു (30), പുളിങ്കുന്ന് കിഴക്കേച്ചിറയിൽ കുഞ്ഞുമോൾ (55) എന്നിവരാണ് മരിച്ചത്. പുളിങ്കുന്ന് തോട്ടത്തറ വേണുവിന്റെ ഭാര്യ ഓമന (49), പുത്തൻപുരയ്ക്കൽ ചിറ വാസുവിന്റെ ഭാര്യ ഷീല (45), കരിയച്ചിറ തോമസ് ജോസഫിന്റെ ഭാര്യ ഏലിയാമ്മ തോമസ് (55), കന്നിട്ടചിറ സതീശന്റെ ഭാര്യ ബിന്ദു (31), കായിപ്പുറം മുളവനക്കുന്നിൽ സിദ്ധാർത്ഥ് (64), കണ്ണാടി ഇടപ്പറമ്പിൽ സുകുമാരന്റെ ഭാര്യ വിജയമ്മ (56), കിഴക്കാട്ടുതറ ഹരിദാസിന്റെ ഭാര്യ സരസമ്മ (56) എന്നിവരാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്നത്. നാലുപേരുടെ നില ഗുരുതരമാണ്.