ആലപ്പുഴ:അരി, പലചരക്ക് തുടങ്ങി നിത്യോപയോഗ സാധനങ്ങൾക്ക് ക്ഷാമം നേരിടാതിരിക്കാനുള്ള അടിയന്തര നടപടി സംസ്ഥാന സർക്കാർ കൈക്കൊള്ളണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്‌സര ആവശ്യപ്പെട്ടു.
കൊറോണ മൂലമുള്ള പ്രതിസന്ധി രൂക്ഷമാകാതിരിക്കാൻ അന്യസംസ്ഥാനങ്ങൾ സ്വീകരിച്ചിരിക്കുന്ന നടപടികളുടെ ഭാഗമായി ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിലേക്കുള്ള സാധനങ്ങളുടെ വരവിൽ വൻ ഇടിവു വന്നിരിക്കുന്നു. അതിർത്തി ചെക്ക് പോസ്റ്റുകളിൽ ഭക്ഷ്യ സാധനങ്ങളുമായി വരുന്ന വാഹനങ്ങളും സാധനങ്ങൾ എടുക്കാൻ പോകുന്ന വാഹനങ്ങളും കടത്തി വിടാത്തതാണ് പ്രതിസന്ധിക്ക് കാരണം. നിത്യോപയോഗ സാധനങ്ങൾ അതിർത്തി ചെക്ക് പോസ്റ്റുകളിൽ തടയാതെ കടത്തിവിടാനുള്ള നടപടികൾ സർക്കാർ കൈക്കൊണ്ടില്ലങ്കിൽ കടുത്ത ഭക്ഷ്യ ക്ഷാമത്തിലേക്ക് കേരളം നീങ്ങുമെന്ന് രാജു അപ്‌സര പറഞ്ഞു.