ആലപ്പുഴ: കൊറോണ നിരീക്ഷണത്തിലിരിക്കെ സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് കളക്ടറും ജില്ലാ പൊലീസ് മേധാവിയും അറിയിച്ചു. ഇതര സംസ്ഥാനങ്ങളിൽ നിന്നും മറ്റു രാജ്യങ്ങളിൽ നിന്നും കേരളത്തിലെത്തിയ ശേഷം ആരോഗ്യവകുപ്പിന്റെ കൺട്രോൾ റൂമിൽ വിവരം അറിയാത്തവർക്ക് എതിരെയും നടപടിയുണ്ടാകും.
ക്രിമിനൽ കേസും അറസ്റ്റും അടക്കമുള്ള നടപടികളാണ് സ്വീകരിക്കുക. നിരീക്ഷണത്തിലിരിക്കെ പുറത്തിറങ്ങുന്നതും മറ്റ് നിർദ്ദേശങ്ങൾ പാലിക്കാത്തതും രോഗവ്യാപനത്തിന് കാരണമാവുകയും പൊതു ജനങ്ങളുടെ ആരോഗ്യത്തിന് തന്നെ അപകടകരമാവുകയും ചെയ്യുന്നതിനാലാണ് കടുത്ത നടപടികൾ.
അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കാൻ പൂഴ്ത്തിവെപ്പ്, കരിഞ്ചന്ത എന്നിവയ്‌ക്കെതിരെയും കടുത്ത നടപടി സ്വീകരിക്കും. ഇവർക്കെതിരെ ക്രിമിനൽ കുറ്റം ചുമത്തും. അവശ്യസാധന നിയമം 1965 പ്രകാരവും കൊറോണയുടെ പശ്ചാത്തലത്തിലും കളക്ടർക്കും ജില്ലാ പൊലീസ് മേധാവിക്കും സർക്കാർ നൽകിയ പ്രത്യേക അധികാരം ഉപയോഗിച്ചാണ് നടപടികൾ സ്വീകരിക്കുന്നത്.