പൂച്ചാക്കൽ: ജനതാ കർഫ്യൂ പൂച്ചാക്കൽ മേഖലയെ നിശ്ചലമാക്കി. ആരാധനാലയങ്ങൾ ഭക്തരെ അകറ്റി നിറുത്തി. അപൂർവ്വം ഇരുചക്ര വാഹനങ്ങൾ മാത്രമാണ് ഓടിയത്. തവണക്കടവിൽ നിന്നു വൈക്കത്തേക്കും, പാണാവള്ളിയിൽ നിന്നു പെരുമ്പളം, പൂത്തോട്ട ഭാഗത്തേക്കും ജലഗതാഗത വകുപ്പിന്റെ ബോട്ടുകൾ സർവ്വീസ് നടത്തിയില്ല.
പൂച്ചാക്കൽ ടൗണിൽ ഒരു മെഡിക്കൽ ഷോപ്പ് തുറന്നെങ്കിലും കച്ചവടമൊന്നും നടന്നില്ലെന്ന് കടയുടമ പറഞ്ഞു. ശനിയാഴ്ച പല സ്ഥലങ്ങളിലും സന്നദ്ധ സംഘടനകളും യുവജന പ്രസ്ഥാനങ്ങളും, പൊതുസ്ഥലങ്ങളും വഴിയോരങ്ങളും ശുചിയാക്കിയിരന്നു. അരൂക്കുറ്റിയിൽ ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ എ.ടി.എമ്മുകൾ ഹാൻഡ് വാഷും, സാനിട്ടറൈസറും ഉപയോഗിച്ച് അണുവിമുക്തമാക്കി മേഖലാ പ്രസിഡന്റ് അനീഷ്, ബിജുലാൽ, വിനു ബാബു എന്നിവർ നേതൃത്വം നൽകി. തളിയാപറമ്പ് പുല്ലാറ്റ് വെളിയിലെ ശുചീകരണ പ്രവർത്തനങ്ങൾക്ക് ആരോസ് ഫുട്ബാൾ ക്ലബ്ബ് പ്രവർത്തകർ നേതൃത്വം വഹിച്ചു.