തുറവൂർ: റോഡരികിൽ വാഹനങ്ങളിൽ നിന്നുള്ള അനധികൃത ചെമ്മീൻ- മത്സ്യ കയറ്റിറക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുവെന്ന് ആക്ഷേപം.
ദേശീയപാതയിൽ ചന്തിരൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിന് സമീപത്തെ ബസ് ബേയിലാണ് സ്ഥിരമായി മത്സ്യം കയറ്റിറക്ക് നടത്തുന്നത്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് വലിയ കവചിത ലോറികളിലും കണ്ടെയ്നറുകളിലും വരുന്ന മത്സ്യങ്ങൾ ചെറു വാഹനങ്ങളിലേക്ക് മാറ്റുന്നത് ദേശീയപാതയിലെ ബസ് ബേയിലാണ്. ഇതു മൂലം ഇവിടെ മത്സ്യ അവശിഷ്ടങ്ങളും മത്സ്യം അഴുകിയ മലിന വെള്ളവും പരന്നൊഴുകി തളംകെട്ടി കിടക്കുന്നതിനാൽ പരിസരമാകെ ദുർഗന്ധപൂരിതമാണ്. രാസവസ്തുക്കൾ കലർന്ന, പഴക്കമേറിയ മത്സ്യം പകർത്തുമ്പോൾ ഇതിന്റെ അവശിഷ്ടങ്ങൾ റോഡിൽ വീഴുന്നതുമൂലം വാഹനങ്ങൾക്കും, കാൽനട യാത്രക്കാർക്കും ഏറെ ബുദ്ധിമുട്ടുണ്ടാവുന്നു.
നടപ്പാത കൈയേറി വാഹനങ്ങൾ പാർക്കു ചെയ്യുന്നതും മലിനജലം നടപ്പാതയിൽ കെട്ടി നിൽക്കുന്നതും മൂലം സമീപത്തെ സർക്കാർ സ്കൂളിലേക്ക് എത്തുന്ന വിദ്യാർത്ഥികൾക്കും മറ്റുമുണ്ടാകുന്ന ബുദ്ധിമുട്ട് ഏറെയാണ്. ഒരേ സമയം ഏഴും എട്ടും ചെറുവാഹനങ്ങളിലേക്കാണ് മീനുകൾ പകർത്തുന്നത്. വലിയ വാഹനങ്ങളിൽ നിന്ന് ചെറു വാഹനങ്ങളിലേക്ക് മീനുകൾ പകർത്തുന്നതിനിടെ താഴെ വീഴുന്ന വെള്ളവും മറ്റും ചവിട്ടിയാണ് വിദ്യാർത്ഥികൾ നിത്യവും പോകുന്നത്.
ഈച്ച ശല്യവും
പരിസരത്തുള്ള ബേക്കറികളിലും, ഹോട്ടലുകളിലും ഈച്ചയുടെ ശല്യം രൂക്ഷമാണ്. നാട്ടുകാർ പലവട്ടം പരാതി പറഞ്ഞെങ്കിലും മത്സ്യം ഇറക്കുമതി ചെയ്യുന്നവർ ഇത് മുഖവിലയ്ക്കെടുക്കുന്നില്ല. ബന്ധപ്പെട്ട പഞ്ചായത്തിലും ഹെൽത്ത് ഇൻസ്പെക്ടർക്കും പരാധികൾ നൽകിയെങ്കിലും നടപടി സ്വീകരിക്കുന്നില്ല.