ചേർത്തല: ചേർത്തലയിലും കടകളെല്ലാം അടഞ്ഞുകിടന്നു.കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസ് സ്​റ്റാൻഡുകൾ വിജനമായിരുന്നു. സ്വകാര്യ വാഹനങ്ങളും നിരത്തിലിറങ്ങിയില്ല.

ആരാധനാലയങ്ങളെല്ലാം ജനതാകർഫ്യൂവിന് പിന്തുണ പ്രഖ്യാപിച്ച് അടച്ചിട്ടു. പള്ളികളിൽ ദിവ്യബലികൾ ഉണ്ടായില്ല. ചേർത്തല കാർത്ത്യായനി ദേവീ ക്ഷേത്രം, വാരനാട്, തിരുവിഴ, കണിച്ചുകുളങ്ങര തുടങ്ങിയ ക്ഷേത്രങ്ങളിലും പതിവു പൂജകൾ മാത്രമാണ് നടന്നത്. ഇവിടങ്ങളിൽ പൊതുജനങ്ങൾക്ക് പ്രവേശനം നിഷേധിച്ചിരുന്നു. ഫയർ ഫോഴ്‌സിന്റെ ആഭിമുഖ്യത്തിൽ താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ സാനിട്ടൈസർ ഉപയോഗിച്ച് ശുചീകരിച്ചു. വൈകിട്ട് അഞ്ചിന് സൈറൺ മുഴങ്ങിയതോടെ നാട്ടുകാർ ഒന്നടങ്കം കൈയടിച്ചും പാത്രങ്ങൾ കൊട്ടിയും ആരോഗ്യ പ്രവർത്തകർക്ക് നന്ദി അറിയിച്ചു.