മാവേലിക്കര: കൊറോണ ബാധ തടയുന്നതിന്റെ ഭാഗമായി ഫയർഫോഴ്സിന്റെ ആഭിമുഖ്യത്തിൽ മാവേലിക്കര നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ രോഗാണു നശീകരണ പ്രവർത്തനം നടത്തി.
മാവേലിക്കരയിലെ ഫയർ ഫോഴ്സ് ജീവനക്കാരും മാവേലിക്കര സിവിൽ ഡിഫൻസ് യൂണിറ്റിലെ ഇരുപത്തിയഞ്ചോളം വോളണ്ടിയർമാരും ചേർന്നാണ് പ്രവർത്തനം നടത്തിയത്. ജില്ലാ ആശുപത്രി, കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ്, കെ.എസ്.ആർ.ടി.സി ബസുകൾ, സ്വകാര്യ ബസ് സ്റ്റാൻഡ്, മാവേലിക്കര റെയിൽവേ സ്റ്റേഷൻ എന്നീ സ്ഥലങ്ങളിൽ ഫയർഫോഴ്സ് വാഹനം ഉപയോഗിച്ച് രോഗാണു നാശിനി തളിച്ചു അണുവിമുക്തമാക്കി. ഇന്നലെ പൊതുജനങ്ങളുടെ സാന്നിദ്ധ്യം ഇല്ലാതിരുന്നതിനാൽ മുഴുവൻ ഭാഗങ്ങളും അണുവിമുക്തമാക്കാൻ സേനയ്ക്ക് സാധിച്ചു. മാവേലിക്കര താലൂക്ക് ആശുപത്രിയിലെ ഐസൊലേഷൻ വാർഡ് ഉൾപ്പെടെ എല്ലാ ഭാഗങ്ങളിലും സാനിറ്റേഷൻ നടത്തി. വരും ദിവസങ്ങളിലും ഈ പ്രവർത്തനങ്ങൾ തുടരുമെന്ന് മാവേലിക്കര ഫയർ ഫോഴ്സ് ഓഫീസർ താഹ അറിയിച്ചു. പ്രർത്തനങ്ങൾക്ക് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പ്രവീൺകുമാർ, ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ഷാജി, ഫയർ ആൻഡ് റെസ്ക്യു ഓഫീസർ സന്തോഷ് കുമാർ എന്നിവർ നേതൃത്വം നൽകി.