ആലപ്പുഴ:കൊറോണ നിയന്ത്റണങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് അവശ്യസാധനങ്ങൾക്ക് ക്ഷാമം ഉണ്ടാകില്ലെന്നും മുൻകരുതലുകൾ സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്നും ഭക്ഷ്യ മന്ത്റി പി. തിലോത്തമൻ പറഞ്ഞു.

അരിയും ധാന്യങ്ങളും ആവശ്യത്തിന് സംഭരിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇതര സംസ്ഥാനങ്ങളിലുള്ള നിയന്ത്റണങ്ങൾ ചരക്കുനീക്കത്തിന് ബാധകമാകില്ല. ഏപ്രിൽ, മെയ് മാസത്തേക്കുള്ള അരിയും ഗോതമ്പും എഫ്.സി.ഐയിൽ നിന്ന് മുൻകൂറായി എടുത്തു. ഇത് ശേഖരിക്കാൻ കേന്ദ്ര -സംസ്ഥാന വെയർഹൗസിംഗ് ഗോഡൗണുകൾ പോരാതെ വന്നാൽ സ്വകാര്യ ഗോഡൗണുകൾ ഏ​റ്റെടുക്കും. കൂടുതൽ ഭക്ഷ്യവിഹിതം അനുവദിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ലഭിക്കുമെന്നാണ് പ്രതീക്ഷ. സംസ്ഥാനത്തെ കർഷകരിൽ നിന്നു സംഭരിച്ച നെല്ല് മില്ലുകളിൽ നിന്ന് അരിയാക്കി കരുതൽ ശേഖരത്തിൽ സംഭരിക്കും. സംസ്ഥാനത്തെ എല്ലാ മാവേലി സ്​റ്റോറുകളിലും പീപ്പിൾസ് ബസാറുകളിലും അരിയും പലവ്യഞ്ജനങ്ങളും ആവശ്യത്തിനുണ്ടെന്നും അദ്ദേഹം അറിയിച്ചു.