5000 മുടക്കിയാൽ കയ്യിലെത്തുന്നത് 18,000- 20,000 വരെ!
ആലപ്പുഴ: സമ്പൂർണ്ണ മദ്യനിരോധനം വന്നതോടെ, ആധുനിക 'സാങ്കേതിക' വിദ്യകളുമായി വാറ്റുസംഘങ്ങൾ സജീവമാകുന്നു. സർക്കാർ വിലാസം മദ്യവിതരണം നടക്കുമ്പോൾ സമാന്തരമായി വാറ്റ്ചാരായം ഉണ്ടാക്കി വിറ്റിരുന്നതിന്റെ മൂന്നിരട്ടിയിലേറെ ലാഭം കൊയ്യാമെന്നതാണ് വാറ്റുകാരുടെ ആവേശം കൂട്ടുന്നത്. മറ്റൊരു ഗതിയുമില്ലാത്തതിനാൽ സ്വന്തമായി കുടിക്കാൻ വാറ്റുന്നവരും വീടുകളും പറമ്പുകളും കേന്ദ്രീകരിച്ച് അരങ്ങൊരുക്കുകയാണ്.
പണ്ട് കോട കലക്കിയിട്ട ശേഷം ഏഴു ദിവസം കാത്തിരിക്കണമായിരുന്നു വാറ്റ് തുടങ്ങാൻ. പക്ഷേ, ഇപ്പോൾ അതൊന്നും വേണ്ട. 24 മണിക്കൂറിനുള്ളിൽ നല്ല സ്വയമ്പൻ സാധനം കിട്ടും! പൊലീസും എക്സൈസും കൊറോണയ്ക്ക് പിന്നാലെ കൂടിയിരിക്കുന്നതിനാൽ വലിയ ശല്യമുണ്ടാവില്ലെന്നതും വാറ്റുകാർക്ക് അനുകൂല ഘടകമാണ്. വാറ്റു ചാരായ ഉത്പാദകർക്ക് പ്രാദേശിക രാഷ്ട്രീയക്കാരുടെ പിൻബലം കിട്ടുന്നുണ്ടെന്നാണ് എക്‌സൈസ്, പൊലീസ് ഉദ്യോഗസ്ഥരുടെ പരാതി.
മുതകുളം, ആറാട്ടുപുഴ, കരുവാറ്റ, തോട്ടപ്പള്ളി വീരപ്പൻ കാട്, ലക്ഷ്മിത്തോപ്പ്, കാരമുട്ടേൽ, കരുവാറ്റ പട്ടാണിച്ചിറ, ഹസ്കാപുരം തോപ്പ്, നല്ലാണിക്കൽ, പള്ളിപ്പാട് പ്രദേശങ്ങളിലാണ് വാറ്റ് പുനരാരംഭിക്കാനുള്ള തയ്യാറെടുപ്പ് നടക്കുന്നത്. വാറ്റിന്റെ കാര്യത്തിൽ കുപ്രസിദ്ധമായ പ്രദേശമാണ് പല്ലന ലക്ഷ്മിത്തോപ്പ്. ചെറുതോടുകളും കുറ്റിക്കാടുകളും നിറഞ്ഞ പ്രദേശമായതിനാൽ ആൾതാമസവും കുറവാണ്. ഇവിടെ പകൽ സമയത്തു പോലും ചാരായം ഉത്പാദിപ്പിക്കാൻ കഴിയും. കോടയും വാറ്റുപകരണങ്ങളും സുരക്ഷിതമായി സൂക്ഷിക്കാനുമാവും. വാഹനങ്ങൾ എത്തില്ലെന്നതിനാൽ പരിശോധക സംഘം ഇവിടെ റെയ്ഡ് നടത്താറുമില്ല. ജില്ലയിലെ വിവിധ പ്രദേശങ്ങളിലേക്ക് വാറ്റ് ചാരായം എത്തിക്കുന്നത് ഈ തോപ്പിലെ കേന്ദ്രങ്ങളിൽ നിന്നാണ്.
24 മണിക്കൂർ മതി
മുൻകാലങ്ങളിൽ ശർക്കരയും മറ്റ് അസംസ്‌കൃത വസ്തുക്കളും കലർത്തിയ കോട ഉപയോഗിച്ചാണ് ചാരായം ഉണ്ടാക്കിയിരുന്നത്. ഇപ്പോൾ നവസാരവും വർദ്ധിത വീര്യമുള്ള രാസപദാർത്ഥങ്ങളുമാണ് ചേർക്കുന്നത്. കോട തയ്യാറാക്കി 12 മണിക്കൂർ കഴിയുമ്പോൾ മൂന്ന് മണിക്കൂർ വൈദ്യുതി കടത്തിവിട്ട് തിളപ്പിച്ച് പുളിപ്പിക്കും. തുടർന്ന് കോട തണുക്കുമ്പോൾ വാറ്റ് ആരംഭിക്കും.
മൂന്നിരട്ടി ലാഭം
ചെലവിന്റെ മൂന്നിരട്ടിയാണ് ഈ ബിസിനസിൽ ലാഭം. വീട്ടിലിരുന്നും വാറ്റാം. ഭക്ഷണം പാകം ചെയ്യുന്ന കുക്കറിൽ പ്രത്യേക ഇരുമ്പ് ട്യൂബ് ഘടിപ്പിച്ച് നീരാവി കടത്തിവിട്ട് തണുപ്പിച്ചാണ് ചാരായമുണ്ടാക്കുന്നത്. വീടുകളുടെ ടെറസിന് മുകളിലാണ് ഇത്തരത്തിലുള്ള സജ്ജീകരണങ്ങൾ വാറ്റുകാർ ഒരുക്കുന്നത്. 30കിലോ ശർക്കരയും 100 രൂപയുടെ ഈസ്റ്റും ഒരു സിലണ്ടർ ഗ്യാസുമുണ്ടെങ്കിൽ 22.5 ലിറ്റർ ചാരായം ഉത്പാദിപ്പിക്കാം. ചെലവ് പരമാവധി 5000 രൂപ. മറ്റൊരു മദ്യവും ലഭ്യമല്ലാത്തതിനാൽ ലിറ്ററിന് 800-900 രൂപയ്ക്കാണ് നിലവിലെ വില്പന. അതായത് 5000 മുടക്കിയാൽ കയ്യിലെത്തുന്നത് 18,000-20,000 രൂപ! വിദേശമദ്യം ലഭിച്ചിരുന്ന സമയത്ത് ലിറ്ററിന് 500 രൂപയ്ക്ക് വാറ്റ്ചാരായം വിറ്റിരുന്നത്.
ശർക്കര രാത്രിയിൽ
രാത്രി കാലത്താണ് ശർക്കര വാറ്റു കേന്ദ്രങ്ങളിൽ എത്തുന്നത്. ചെറുവള്ളങ്ങളിലും ഇരുചക്ര വാഹനങ്ങളുടെ ഡിക്കിയിലും ഒളിപ്പിച്ചാണ് ശർക്കയും ഈസ്റ്റും വാറ്റുകാർക്ക് എത്തിക്കുന്നത്. ഉണ്ടശർക്കര പൊട്ടിക്കുമ്പോൾ ശബ്ദം കേൾക്കുമെന്നതിനാൽ ദ്രവരൂപത്തിലുള്ളതും പൊടിശർക്കരയുമാണ് വാറ്റുകാർക്ക് പ്രിയം.