പൊതു വിപണിയിൽ അന്യായ വില
ആലപ്പുഴ: കൊറോണയുടെ പശ്ചാത്തലത്തിൽ രൂപംകൊണ്ട പുതിയ 'വിപണി'യിൽ വൻ ഡിമാൻഡിലേക്കു കുതിക്കുന്ന സാനിട്ടൈസറുകൾ ന്യായ വിലയ്ക്ക് എത്തിക്കുന്നതിൽ സംസ്ഥാനത്തെ ഏക പൊതുമേഖലാ മരുന്നു നിർമ്മാണ കമ്പനിയായ കെ.എസ്.ഡി.പി വിജയിച്ചെങ്കിലും ഓപ്പൺ മാർക്കറ്റിലെ സാനിട്ടൈസർ ക്ഷാമത്തിന് മാറ്റമില്ല. കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച വിലനിലവാരപ്പട്ടിക മെഡിക്കൽ സ്റ്റോറുകളും ഓൺലൈൻ വ്യാപാര കേന്ദ്രങ്ങളും കണ്ടില്ലെന്നു നടിക്കുന്നതാണ് പ്രധാന പ്രശ്നം. ഓപ്പൺ മാർക്കറ്റിൽ നൂറു മില്ലിക്ക് 80 മുതൽ 500 രൂപ വരെ ഈടാക്കിയാണ് ഇപ്പോഴും സാനിട്ടൈസറിന്റെ കച്ചവടം.
കെ.എസ്.ഡി.പിയുടെ 500 മില്ലി സാനിട്ടൈസറുകൾക്ക് 200 രൂപയാണ് നിശ്ചയിച്ചിട്ടുള്ളത്. ഇവ സ്വകാര്യ മെഡിക്കൽ സ്റ്റോറുകളിൽ കൂടി എത്തിക്കുന്ന തരത്തിൽ ഉത്പാദനം വർദ്ധിപ്പിക്കാൻ സർക്കാർ നിർദ്ദേശിച്ചെങ്കിൽ മാത്രമേ പ്രശ്നത്തിന് പരിഹാരം കാണാൻ സാധിക്കൂ. സ്പിരിറ്റ് ക്ഷാമം നിലനിൽക്കുന്ന സാഹചര്യത്തിൽ ഉത്പാദനക്ഷമത വർദ്ധിപ്പിക്കുന്നത് പ്രായോഗികവുമല്ല. 1974ലാണ് കെ.എസ്.ഡി.പി പ്രവർത്തനമാരംഭിച്ചത്. പൊതുമേഖലയിൽ മറ്റൊരു മരുന്നു നിർമ്മാണ സ്ഥാപനം കൂടി വേണമെന്ന ചിന്ത ഇക്കാലയളവിൽ മാറിമാറിവന്ന സർക്കാരുകൾക്ക് ഉണ്ടായില്ല.
# മുക്കിലും മൂലയിലും സാനിട്ടൈസർ!
കൊറോണ ഭീതിമൂലം സന്നദ്ധ സംഘടനകളും സാനിട്ടൈസർ നിർമ്മാണത്തിലേക്ക്
വേണ്ടത് ഐസോ പ്രൊപ്പൈൽ ആൽക്കഹോൾ, ഗ്ലിസറോൾ, കളർ ഉൾപ്പടെ 7 കൂട്ടം
ഒരു പായ്ക്കറ്റ് ഉപയോഗിച്ച് അഞ്ച് ലിറ്റർ സാനിട്ടൈസർ ഉത്പാദിപ്പിക്കാം
നിർമ്മാണ യൂണിറ്റുകളിൽ ആരോഗ്യ പ്രവർത്തകരുടെ പരിശോധനകളില്ല
ചേരുവകളുടെ അളവ് കൃത്യമല്ലെങ്കിൽ ഗുണനിലവാരവുമില്ല
................................................
# അളവിലുണ്ട് കള്ളം
സാനിട്ടൈസർ കുപ്പികളിലെല്ലാം 70 ശതമാനത്തിനു മുകളിലാണ് ആൾക്കഹോളിന്റെ അളവെന്ന് രേഖപ്പെടുത്തിയിരിക്കുന്നതു കാണാം. ഇത് അത്ര വിശ്വസിക്കേണ്ടതില്ലെന്നാണ് എക്സൈസ് ഉദ്യോഗസ്ഥരുടെ പക്ഷം. 100 മില്ലിയുടെ ബോട്ടിലിൽ 70 ശതമാനം
ആൾക്കഹോൾ ചേർത്താൽ നഷ്ടം ഉത്പാദകർക്കായിരിക്കും. അതുകൊണ്ട് ബോട്ടിലിൽ മാത്രമായിരിക്കും ഈ കണക്ക്. ആൾക്കഹോളിന്റെ അളവ് കുറവായിരിക്കും
മദ്യത്തിൽ ആർൾക്കഹോളിന്റെ അളവ് 42.86 ശതമാനമെന്നാണ് പൊതുവെയുള്ള വിശ്വാസം. എന്നാലിത് ഇത്രയും ശതമാനം വി.വി (വോളിയം ബൈ വോളിയം) ആണ്. സൊല്യൂഷനിൽ അലിഞ്ഞു ചേർന്നിരിക്കുന്നത് എന്തായാലും അതിനെ 100 കൊണ്ട് ഗുണിക്കുമ്പോൾ കിട്ടുന്ന അളവാണിത്. യഥാർത്ഥ കണക്കു പ്രകാരമുള്ള 'ശതമാന'മല്ല.
.................................
'സാനിട്ടൈസറുകൾ തേടി മെഡിക്കൽ സ്റ്റോറുകളിൽ വൻ തിരക്കാണ്. കൊള്ള വിലയ്ക്കാണിപ്പോൾ മാസ്കും സാനിട്ടൈസറും ലഭിക്കുന്നത്. അത് വാങ്ങി മെഡിക്കൽ സ്റ്റോറിലെത്തിച്ച് വീണ്ടും വില കൂട്ടി വിൽക്കുക പ്രായോഗികമല്ല. സ്വകാര്യ മേഖലയിലെ കൊള്ള അവസാനിപ്പിക്കുന്നതിന് കെ.എസ്.ഡി.പി ഉത്പന്നങ്ങൾ ഓപ്പൺ മാർക്കറ്റിലെത്തിക്കാൻ സർക്കാർ നടപടി സ്വീകരിക്കണം'
സി. സനൽകുമാർ,റീട്ടയിൽ ഒൗഷധ ഫോറം സംസ്ഥാന ചെയർമാൻ