ആലപ്പുഴ: സംസ്ഥാനമൊന്നാകെ ലോക് ഡൗണിലായെങ്കിലും കരുതലിന്റെ വെളിച്ചവുമായി ചിലരുണ്ട് നമുക്ക് ചുറ്റും. മാസ്കിനും സാനിട്ടൈസറിനും കടുത്ത ക്ഷാമം നേരിടുന്ന കാലയളവിൽ അവ ഉത്പാദിപ്പിച്ച് സൗജന്യമായി വിതരണം ചെയ്യുകയാണ് വിവിധ സംഘടനകൾ. സർജിക്കൽ മാസ്കുകൾ ഉപയോഗ ശേഷം നശിപ്പിക്കുന്നത് വെല്ലുവിളിയായതോടെ തുണി ഉപയോഗിച്ചുള്ള മാസ്ക് നിർമ്മാണമാണ് പുരോഗമിക്കുന്നത്. കഴുകി ഉപയോഗിക്കാമെന്നതിനാൽ ഇവയ്ക്ക് സ്വീകാര്യത കൂടുതലാണ്.

 നല്ല 'സമ'യം

ഇടത് യുവജന സംഘടനയായ ഡി.വൈ.എഫ്.ഐയുടെ വനിതാ ഘടകം 'സമ' കൊറോണ പ്രതിരോധത്തിൽ സജീവമാണ്. ബോധവത്കരണമെന്ന നിലയിൽ ആരംഭിച്ച മാസ്ക്, സാനിട്ടൈസർ ഉത്പാദനം ഒരാഴ്ചയ്ക്കുള്ളിൽ ഓർഡറുകൾ അനുസരിച്ച് സൗജന്യമായി ചെയ്തു കൊടുക്കുന്ന നിലയിലെത്തി. ആദ്യ ഘട്ടത്തിൽ ആട്ടോറിക്ഷാ സ്റ്റാൻഡുകളിൽ ആയിരം മാസ്കുകളാണ് നൽകിയത്. സ്വന്തം മുതൽ മുടക്കിനു പുറമേ സ്പോൺസർമാരുടെയും സഹായത്തോടെയാണ് ഉത്പാദനം പുരോഗമിക്കുന്നത്. ഒരു മീറ്റർ തുണിയിൽ 13 മാസ്കുകളും ഒരു പാക്കറ്റിൽ നിന്ന് അഞ്ച് ലിറ്രർ സാനിട്ടൈസറും തയ്യാറാക്കാം. പത്ത് പേരടങ്ങിയ സംഘം ദിവസവും രാവിലെ ഒമ്പത് മുതൽ വൈകിട്ട് ഏഴു വരെ വൈ.എം.സി.എയിലെ ഏരിയാ കമ്മിറ്റി ഓഫീസിലാണ് ഉത്പന്നങ്ങൾ തയ്യാറാക്കുന്നത്. സമ ഭാരവാഹികളും ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗങ്ങളുമായ ഊർമ്മിള മോഹൻദാസ്, ശ്വേത എസ്.കുമാർ, നീതു നീലാംബരൻ, ആതിര, ഹരിത തുടങ്ങിയവരാണ് സംരംഭത്തിന് ചുക്കാൻ പിടിക്കുന്നത്.

 ശ്രീയാണ് ഈ കുടുംബശ്രീ

ജില്ലയിലെ 55 കുടുംബശ്രീ യൂണിറ്റുകളിൽ നി‌ർമ്മിച്ച 50,000 കോട്ടൺ മാസ്കുകൾ വിതരണം ചെയ്തു കഴിഞ്ഞു. ആരോഗ്യ വകുപ്പിന് പുറമേ കൺസ്യൂമർ ഫെഡ്, പൊലീസ് സ്റ്റേഷനുകൾ, കെ.എസ്.ആർ.ടി.സി, സന്നദ്ധ സംഘടനകൾ തുടങ്ങിയ ഇടങ്ങളിൽ നിന്ന് ഓർഡറുകൾ ലഭിക്കുന്നുണ്ട്. ഒരു കോട്ടൺ മാസ്ക് 15 രൂപ നിരക്കിലാണ് വിൽക്കുന്നത്. ഈ 15 രൂപ മാസ്ക് നിർമ്മിക്കുന്ന കുടുംബശ്രീ അംഗത്തിന്റെ കൈകളിലേക്ക് തന്നെ എത്തുന്നു. ആവശ്യക്കാർക്കും ഉത്പാദകർക്കുമിടയിലെ പാലമായി പ്രവർത്തിക്കുകയാണ് കുടുംബശ്രീ മിഷനെന്ന് ജില്ലാ കോ ഓർഡിനേറ്റ‌‌ർ പി.സുനിൽ പറഞ്ഞു. ഓരോ കുടുംബശ്രീ യൂണിറ്റിലും അഞ്ച് മുതൽ 40 വരെ അംഗങ്ങളാണുള്ളത്.

 'സ്വസ്തി' സാനിട്ടൈസർ

ആലപ്പുഴ എസ്.ഡി കോളേജിലെ എല്ലാ ജീവനക്കാരും ഉൾപ്പെടുന്ന സംഘടനയാണ് സ്വസ്തി. ജീവനക്കാ‌ർക്ക് സാമ്പത്തിക സഹായം, സാമൂഹിക ക്ഷേമ പ്രവർത്തനങ്ങൾ എന്നിവയാണ് സംഘടനയുടെ ലക്ഷ്യം. കൊറോണ വ്യാപകമായ സാഹചര്യത്തിലാണ് സാനിട്ടൈസർ നിർമ്മാണത്തിലേക്ക് സംഘടന കടന്നത്. ശുചിത്വ മിഷന്റെ അഭ്യർത്ഥന പ്രകാരമാണ് കോളേജിലെ രസതന്ത്ര വിഭാഗം ആദ്യ ഘട്ടത്തിൽ 100 ലിറ്റർ സാനിട്ടൈസർ നിർമ്മിച്ചത്. ജില്ലാ ജയിൽ അധികൃതരുടെ ആവശ്യപ്രകാരം ജയിലിൽ നിന്ന് ഫ്രീഡം സാനിട്ടൈസർ ഉത്പാദിപ്പിക്കുന്നതിനുള്ള പരിശീലനം രസതന്ത്ര വിഭാഗം മേധാവി ബി.ഉഷാകുമാരി, ജലവിഭവ ഗവേഷണകേന്ദ്രം മുഖ്യ ഗവേഷകൻ ഡോ.ജി.നാഗേന്ദ്രപ്രഭു എന്നിവരുടെ നേതൃത്വത്തിൽ നൽകി. കോളേജിലെ എൻ.സി.സി കേഡറ്റുകളുടെ നേതൃത്വത്തിൽ അദ്ധ്യാപകരും വിദ്യാർത്ഥികളുമടങ്ങുന്ന ചെറു സംഘങ്ങൾ പൊതു ഇടങ്ങളിൽ സാനിട്ടൈസറുകളുമായി സഹായത്തിനുണ്ട്.

 സൗജന്യ മാസ്കുമായി തകഴി

മാസ്‌കുകളുടെ ലഭ്യതക്കുറവ് പരിഹരിക്കാൻ സൗജന്യമായി മാസ്‌കുകൾ വിതരണം ചെയ്ത് തകഴി ഗ്രാമപഞ്ചായത്ത് മാതൃകയായി. പഞ്ചായത്തും കുടുംബശ്രീയും സംയുക്തമായി നടപ്പാക്കുന്ന മാസ്‌ക് പദ്ധതിയുടെ വിതരണോദ്ഘടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോമ ബിജു നിർവഹിച്ചു. സർക്കാരിന്റെ സാനിറ്റേഷൻ ഫണ്ടുപയോഗിച്ച് കുടുംബശ്രീ യൂണിറ്റുകളാണ് മാസ്‌കുകൾ വിതരണ സജ്ജമാക്കിയത്. ഓരോ വീട്ടിലെയും അംഗങ്ങളുടെ എണ്ണമനുസരിച്ച് മാസ്കുകൾ വിതരണം ചെയ്യും.

 തുണിസഞ്ചി വിപ്ലവം

തുണിസഞ്ചിയിൽ ബ്രേക്ക് ദ ചെയിൻ കാമ്പയിൻ സന്ദേശവുമായി പുറക്കാട് ഗ്രാമപഞ്ചായത്തും പ്രാഥമിക ആരോഗ്യകേന്ദ്രവും. 15,16 വാർഡുകളിലെ ആരോഗ്യ ശുചിത്വ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശുചിത്വ മിഷന്റെ വാർഡ് തല സാനിറ്റേഷൻ ഫണ്ടുപയോഗിച്ചാണ് തുണി സഞ്ചി നിർമ്മിക്കുന്നത്. ആർദ്രം പദ്ധതിയുടെ ഭാഗമായി വനിതകൾ വീടുകളിലെത്തി ലഘുലേഖകൾ വിതരണം ചെയ്യുന്നതിനൊപ്പമാണ് സഞ്ചികളും നൽകുന്നത്. പഞ്ചായത്ത് പ്രസിഡന്റ് റഹ്മത്ത് ഹാമീദ്, മെഡിക്കൽ ഓഫീസർ പി.ടി. പ്രീതി എന്നിവരുടെ മേൽനോട്ടത്തിലാണ് തുണി സഞ്ചി നിർമ്മാണം.