ശേഷിക്കുന്നവരുടെ യാത്ര മുടങ്ങിയത് ട്രെയിനുകൾ റദ്ദാക്കിയതു മൂലം
ആലപ്പുഴ:കൊറോണ ഭീതിയെത്തുടർന്ന് കഴിഞ്ഞ വ്യാഴാഴ്ച വരെ സംസ്ഥാനം വിട്ടത് 40,000 ഓളം ഇതര സംസ്ഥാന തൊഴിലാളികൾ. ആയിരക്കണക്കിന് തൊഴിലാളികൾ മടങ്ങിപ്പോവാൻ തയ്യാറാണെങ്കിലും ട്രെയിനുകൾ കൂട്ടത്തോടെ റദ്ദാക്കിയതാണ് ഇവരുടെ യാത്ര മുടക്കിയത്. സംസ്ഥാന തൊഴിൽ വകുപ്പിന്റെ നിർദ്ദേശാനുസരണം ജില്ലാ ലേബർ ഓഫീസർമാർ നടത്തിയ കണക്കെടുപ്പിലാണ് സംസ്ഥാനത്തെ നിർമ്മാണ മേഖലയുടെ നടുവൊടിക്കുന്ന കണക്ക് വ്യക്തമായത്.
എറണാകുളം, തിരുവനന്തപുരം ജില്ലകളിൽ നിന്നാണ് കൂടുതൽ പേർ മടങ്ങിയിട്ടുള്ളത്. ഹോട്ടൽ, കച്ചവട സ്ഥാപനങ്ങൾ, ഇറച്ചി മാർക്കറ്റ് തുടങ്ങി തെങ്ങുകയറ്റമുൾപ്പെടെയുള്ള മേഖലകളിലാണ് ഇതര സംസ്ഥാനക്കാർ സജീവമായി നിൽക്കുന്നത്. കൊറോണ കാരണം കരാർ ജോലികൾ നിറുത്തിവച്ചിരിക്കുകയാണെങ്കിലും കിഫ്ബി മുഖേന നടപ്പാക്കുന്നതുൾപ്പെടെ കോടികളുടെ വൻപ്രവൃത്തികളാണ് സമയബന്ധിതമായി തീർക്കേണ്ടത്. തദ്ദേശ സ്ഥാപനങ്ങളുടെ വർക്കുകൾ പുറമേ മിക്ക വൻകിട കരാറുകാരുടെ ക്യാമ്പിലും ഭൂരിപക്ഷവും ഇതരസംസ്ഥാനക്കാരാണ്. തൊഴിൽ വകുപ്പ് നടപ്പാക്കിയ ആവാസ് പദ്ധതിയിൽ 5,10,000 പേരാണ് രജിസ്റ്റർ ചെയ്ത് കാർഡ് വാങ്ങിയിട്ടുള്ളത്.
'ആവാസ്' വെള്ളത്തിൽ
ഇതരസംസ്ഥാന തൊഴിലാളികൾക്കായി ഏർപ്പെടുത്തിയ ആവാസ് ഇൻഷ്വറൻസ് പദ്ധതിയും അവതാളത്തിലാവും. 15,000 രൂപയുടെ സൗജന്യ ചികിത്സയും രണ്ട് ലക്ഷം രൂപയുടെ അപകട ഇൻഷ്വറൻസും നൽകുന്നതായിരുന്നു പദ്ധതി. തൊഴിലാളികളോ തൊഴിലുടമയോ വിഹിതമടയ്ക്കേണ്ടതില്ല എന്നതാണ് പ്രത്യേകത. രജിസ്റ്രർ ചെയ്യുന്ന തൊഴിലാളികൾക്ക് തിരിച്ചറിയൽ കാർഡ് നൽകും. 2018 ജൂലായ് വരെ പദ്ധതിയിൽ 2,96,033 പേർ അംഗങ്ങളായി. പ്രളയം വന്നതോടെ പ്രവർത്തനങ്ങൾ പാളിയിരുന്നു.
................................
'എന്തു ബുദ്ധിമുട്ടുള്ള ജോലികളും ചെയ്യാൻ ഇവർ തയ്യാറാണ്. നാട്ടിൽ ആൾക്കാരെ കിട്ടാനുമില്ല.ഇപ്പോൾ മുടങ്ങിയിട്ടുള്ള എല്ലാ ജോലികളും നിശ്ചിത സമയത്തിനുള്ളിൽ തീർക്കേണ്ടതുണ്ട്'
(വർഗ്ഗീസ് കണ്ണമ്പള്ളി, പ്രസിഡന്റ്, കേരള ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ)