ചാരുംമൂട്: പുരയിടത്തിൽ കരിയില കത്തിക്കുന്നതിനിടെ തീ ദേഹത്തേക്ക് പടർന്ന് വൃദ്ധന് ദാരുണാന്ത്യം.
താമരക്കുളം ജംഗ്ഷനിലെ ആദ്യകാല വ്യാപാര സ്ഥാപനമായ പാട്ടത്തിൽ സ്റ്റോഴ്സിന്റെ ഉടമ കെ. കുഞ്ഞുപിള്ളയാണ് (87) മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം.
കുഞ്ഞുപിള്ളയും ഭാര്യ രാജമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പ്രായാധിക്യവും രോഗവും നടക്കാനുള്ള ബുദ്ധിമുട്ടും കാരണം ഇദ്ദേഹം ഇപ്പോൾ കടയിൽ പോകാറില്ല. രാവിലെ ചായകുടി കഴിഞ്ഞ് വീടിനോട് ചേർന്നുള്ള പുരയിടം വൃത്തിയാക്കാൻ ഇറങ്ങിയ വിവരമേ രാജമ്മയ്ക്ക് അറിയൂ.
പന്ത്രണ്ടരയോടെ സമീപത്തെ റബ്ബർ തോട്ടത്തിലടക്കം തീ പടർന്നതോടെ അയൽക്കാരും മറ്റും തീയണയ്ക്കാനെത്തി. ഇവർ വെള്ളം കോരി തീയണച്ചു വരുമ്പോഴാണ് ഇദ്ദേഹത്തെ പുരയിടത്തിന് മദ്ധ്യത്തായി വെന്തു മരിച്ച നിലയിൽ കണ്ടത്. വിവരമറിഞ്ഞ് നൂറനാട് സ്റ്റേഷൻ ഓഫീസർ വി.ബിജുവിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
കരിയിലയ്ക്ക് തീ പടർന്നപ്പോൾ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ താഴെ വീഴുകയും ദേഹത്തേക്ക് തീ പടരുകയുമായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മക്കൾ: രാധ, രാജൻ, രത്നമ്മ, സരസ്വതി. മരുമക്കൾ: വിജയൻ, അമ്പിളി, ശശി, രവീന്ദ്രൻ