പൂച്ചാക്കൽ: പച്ചക്കറി ലഭ്യത കുറഞ്ഞതോടെ, പൂച്ചാക്കൽ മാർക്കറ്റിൽ ഇരട്ടി വില ഈടാക്കുന്നുവെന്ന് പരാതി. ശനിയാഴ്ച തന്നെ ആവശ്യത്തിന് പച്ചക്കറി കിട്ടാത്ത സ്ഥിതിയായിരുന്നു.
ഞായറാഴ്ച ജനത കർഫ്യൂ ആയതോടെ, തമിഴ്നാട്ടിൽ നിന്നുള്ള പച്ചക്കറി വണ്ടികളും എത്തിയില്ല. പൂച്ചാക്കൽ തെക്കേക്കരയിലെ പച്ചക്കറി കടകളെല്ലാം സ്റ്റോക്കു തീർന്നത് കൊണ്ട് ഉച്ചയ്ക്ക് തന്നെ പൂട്ടി. അതേ സമയം, സിവിൽ സപ്ലൈസിന്റെ ലാഭം മാർക്കറ്റിൽ അവശ്യസാധനങ്ങളുടെ സ്റ്റോക്ക് തീർന്നതോടെ, അടുത്തുള്ള സൂപ്പർ മാർക്കറ്റിലും പലചരക്ക് കടകളിലും തിരക്കുകൂടി. അവിടെയൊക്കെ ആളുകളെ നിയന്ത്രിച്ചാണ് കയറ്റിയത്. മത്സ്യലഭ്യതയിൽ കുറവ് അനുഭവപ്പെട്ടതോടെ കോഴിയിറച്ചിക്ക് ഡിമാൻഡായി. കിലോയ്ക്ക് അറുപത് രൂപയിൽ നിന്ന് നൂറിലെത്തി.