ആലപ്പുഴ:കൊറോണയുടെ പശ്ചാത്തലത്തിൽ ആലപ്പുഴ നഗരസഭ പരിധിയിലുള്ള രണ്ട് മദ്യശാലകൾ പൂട്ടണമെന്ന നിലപാടിൽ ഉറച്ച് നഗരസഭ. അഞ്ചിലധികം ആൾക്കാർ ഒരു സ്ഥലത്തും നിൽക്കാൻ പാടില്ലന്ന കളക്ടറുടെ ഉത്തരവ് ലംഘിച്ച് മദ്യവില്പന നടത്തുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ കളക്ടർ എം.അഞ്ജനയ്ക്ക് കത്ത് നൽകി. ഇന്നലെ രാവിലെ മുതൽ രണ്ട് സർക്കാർ മദ്യഷോപ്പുകളിലും കർശന നിയന്ത്രണം ഏർപ്പെടുത്തി. ബിവറേജസ് കോർപ്പറേഷന്റെ ചുങ്കത്തെയും കൺസ്യൂമർ ഫെഡിന്റെ ബോട്ടുജെട്ടിയിലെയും ഷോപ്പുകളിൽ അഞ്ച് വീതം ആൾക്കാരെ മാത്രമാണ് കടത്തിവിട്ടത്. സെക്യൂരിറ്റി ജീവനക്കാർ പ്രധാന ഗേറ്റിൽ വച്ച് മദ്യംവാങ്ങാൻ എത്തുന്നവരുടെ കൈകളിൽ സാനിട്ടൈസർ ഒഴിച്ച് അണുനശീകരണം നടത്തിയാണ് ഷോപ്പിലേക്ക് കടത്തിവിട്ടത്. ബോട്ട് ജെട്ടി ഷോപ്പിൽ രാവിലെ നല്ല തിരക്കായിരുന്നു. ഇവിടുത്തെ പ്രീമിയം കൗണ്ടറിലെ ശീതീകകരണ സംവിധാനം പ്രവർത്തിപ്പിച്ചില്ല.