t

 ഓൺലൈൻ സൈറ്റുകളിൽ അന്വേഷണം

ആലപ്പുഴ: വ്യക്തിയിൽ നിന്ന് ഒരു മീറ്റർ അകലംവരെ പാലിച്ച് ശരീരോഷ്മാവ് അളക്കാവുന്ന ഇൻഫ്രാറെഡ് നോൺ കോൺടാക്ട് തെ‌ർമോമീറ്ററുകൾക്ക്, കൊറോണയുടെ പശ്ചാത്തലത്തിൽ താത്പര്യക്കാരേറുന്നു. വിമാനത്താവളങ്ങളിലും റെയിൽവേ സ്റ്റേഷനുകളിലും ഇവ പരിശോധനയ്ക്ക് ഉപയോഗിച്ചതോടെയാണ് സാധാരണക്കാർക്കിടയിലും ചർച്ചാ വിഷയമായത്.

ഓൺലൈൻ സൈറ്റുകളിൽ അന്വേഷണം തകൃതിയാണ്. രണ്ട് ബാറ്ററിയിൽ പ്രവർത്തിക്കുന്ന തെർമോമീറ്ററിലെ എൽ.സി.ഡി സ്ക്രീനിൽ താപനില പ്രത്യക്ഷപ്പെടും. സാധാരണ തെർമോമീറ്ററുകൾ വായിലോ, കക്ഷത്തിലോ നിശ്ചിത സമയം വെച്ചാണ് താപനില അളക്കുന്നത്. വ്യക്തിയുടെ നെറ്റിയുടെ നേർക്ക് നിമിഷങ്ങൾ ചൂണ്ടിപ്പിടിക്കുന്നതോടെ ചൂടിന്റെ അളവ് രേഖപ്പെടുത്തുന്നതാണ് നോൺ കോൺടാക്ടിലെ രീതി. വെടിയുതിർക്കാനെന്ന രീതിയിൽ പിടിക്കുന്നതിനാൽ 'ഗൺ തെർമോമീറ്റർ' എന്ന അപരനാമവും ഇതിനുണ്ട്.

...........................................

 37 ഡിഗ്രി സെൽഷ്യസ്: ഗൺ തെർമോമീറ്റർ സ്ക്രീനിൽ ശരീര താപനില ഇതിനു മുകളിലാണെങ്കിൽ കൊറോണ പരിശോധനയ്ക്ക് വിധേയരാക്കും

 2000- 50,000: നോൺ​ കോൺ​ടാക്ടബി​ൾ, ഗൺ​ തെർമോ മീറ്ററുകളുടെ വി​ല

.........................................

 പ്രവർത്തനം ഇങ്ങനെ

ശരീരം ഇൻഫ്രാറെഡ് വികിരണങ്ങളാണ് പുറത്തു വിടുന്നത്. താപനില കൂടുന്നതോടെ തന്മാത്രകളുടെ സഞ്ചാരവേഗം വർദ്ധിക്കും. വേഗം കൂടുന്നതോടെ ഇൻഫ്രാറെഡ് റേഡിയേഷൻ കൂടുന്നു. നെറ്റിക്കു നേരെ ചൂണ്ടുന്ന ലെൻസ് ഉപയോഗിച്ച് ഈ റേഡിയേഷൻ തെർമോമീറ്ററിലെ തെർമോപൈൽ എന്ന ഡിറ്റക്റ്ററിലേക്ക് കടത്തി വിടും. തെർമോപൈൽ റേഡിയേഷനെ ചൂടാക്കി മാറ്റും. ഈ ചൂടിനെ ഇലക്ട്രിക് തരംഗങ്ങളാക്കി മാറ്റിയാണ് ശരീര ഊഷ്മാവ് വിലയിരുത്തുന്നത്.

.............................

നിലവിൽ ആശുപത്രികളിലെ പനി രോഗികൾക്ക് തെർമോമീറ്റർ കക്ഷത്തിൽ വെച്ചാണ് താപനില അളക്കുന്നത്. കൊറോണയുടെ പശ്ചാത്തലത്തിലാണ് വായ്ക്കുള്ളിൽ മീറ്റർ വെച്ചുള്ള പരിശോധന പൂ‌ർണമായി ഒഴിവാക്കിയത്. ശരീരവുമായി സമ്പർക്കമുള്ള സാധാരണ തെർമോമീറ്റർ ഇപ്പോഴത്തെ സാഹചര്യത്തിൽ സുരക്ഷിതമാണെന്ന് പറയാനാവില്ല. സർക്കാർ ആശുപത്രികളിൽ ഉൾപ്പടെ നോൺ ടച്ചബിൾ തെർമോമീറ്രറുകൾ എത്തിയാൽ പകർച്ചവ്യാധി ഭീഷണി ഒരു പരിധിവരെ ഒഴിവാക്കാം

(ഡോ.ബി.പത്മകുമാർ, പ്രൊഫ.ഗവ.മെഡിക്കൽ കോളേജ്, ആലപ്പുഴ

.................................