ആലപ്പുഴ: ജില്ലയിൽ നിരോധനാജ്ഞ നിലവിൽ വന്നതോടെ നടപടികൾ കടുപ്പിച്ച് പൊലീസ് രംഗത്ത്. പട്രോളിംഗ് ശക്തമാക്കിയ പൊലീസ് നഗരത്തിൽ റൂട്ട്മാർച്ച് നടത്തി. ലോക്ക് ഡൗൺ ലംഘിച്ച് ഹോട്ടലിൽ ഇരുത്തി ഭക്ഷണം നൽകിയ പുന്നപ്രയിലെ രണ്ട് സ്ഥാപനങ്ങൾക്ക് എതിരെ പുന്നപ്ര പൊലീസ് കേസ് എടുത്തു. മെൻസാ, ബ്രൈറ്റ് എന്നീ ഹോട്ടലുകൾക്ക് എതിരെയാണ് കേസ്. മെൻസാ ഉടമ അബ്ദുൾറഷീദ്, ബ്രൈറ്റ് ഉടമ അൻസാർ എന്നിവരെ അറസ്റ്റു ചെയ്തു. സർക്കാർ നിരോധനം ലംഘിച്ചതിനുള്ള കുറ്റം ചുമത്തിയാണ് ഇരുവർക്കും എതിരെ കേസ് എടുത്തത്. പിന്നീട് ഇരുവരെയും ജാമ്യത്തിൽ വിട്ടയച്ചു. സംസ്ഥാന സർക്കാരിന്റെ നിർദേശം ലംഘിച്ച് സ്വകാര്യവാഹനങ്ങളിൽ പുറത്തിറങ്ങിയവരെ പാതയോരങ്ങളിൽ തടഞ്ഞു നിർത്തി, പോകുന്ന സ്ഥലം അന്വേഷിച്ചു. ദേശീയപാതയിലും സംസ്ഥാന പാതയിലും പ്രധാന ഇടറോഡുകളിലും പരിശോധന നടത്തി. ഡി.ജി.പിയുടെ നിർദേശത്തെ തുടർന്ന് ചിലയിടങ്ങളിൽ പൊലീസ് സത്യവാങ്മൂലം നിശ്ചിത ഫോറത്തിൽ എഴുതി വാങ്ങിച്ചു. യാത്രക്കാർ എന്ത് ആവശ്യത്തിനാണ് പോകുന്നതെന്ന് ഫോറത്തിൽ വ്യക്തമായി രേഖപ്പെടുത്തണം. സത്യവാങ്മൂലം തെറ്റാണെന്ന് ബോദ്ധ്യമായാൽ നിയമനടപടി സ്വകകരിക്കുമെന്ന് മുന്നറിയിപ്പ് നൽകിയാണ് യാത്രക്കാരെ വിടുന്നത്.

നഗരത്തിലും ഗ്രാമപ്രദേശങ്ങളിലും ഉള്ള കടകളിൽ രാവിലെ മുതൽ നിത്യോപയോഗ സാധനങ്ങൾ വാങ്ങാൻ എത്തുന്നവരുടെ നല്ലതിരക്കായിരുന്നു . നിത്യോപയോഗ സാധനങ്ങൾ വിൽക്കുന്ന വ്യാപാരസ്ഥാപനങ്ങൾ അല്ലാതെ മറ്റ് കടകൾ തുറക്കുവാൻ അനുവദിച്ചില്ല. ഹോട്ടലുകൾ അടഞ്ഞുകിടന്നു.