നിയന്ത്രണങ്ങൾ അവഗണിച്ചു, ചോദിച്ചു വാങ്ങി
ആലപ്പുഴ: ലോക് ഡൗൺ നിയന്ത്രണങ്ങൾ പാലിക്കാതെ ആലപ്പുഴക്കാർ ചോദിച്ചു വാങ്ങിയതാണ് ഈ നിരോധനാജ്ഞ! കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടും ആദ്യ ദിനത്തിൽ പോലും അച്ചടക്കം പാലിക്കാൻ പലർക്കും സാധിച്ചില്ല. കടകമ്പോളങ്ങൾ ഭൂരിഭാഗവും അടഞ്ഞുകിടന്നത് ഹർത്താൽ പ്രതീതി ഉളവാക്കിയെങ്കിലും പുലർച്ചെ മുതൽ നിരത്തുകളിൽ സ്വകാര്യ വാഹനങ്ങൾ സജീവമായിരുന്നു. ദേശീയപാതയോരത്തെ മത്സ്യക്കച്ചവടം പൊടിപൊടിച്ചു. കരുതലെന്നോണം മത്സ്യം വാങ്ങാനെത്തിയവരുടെ വലിയ കൂട്ടമായിരുന്നു തട്ടുകൾക്കു മുന്നിൽ. പഴം - പച്ചക്കറി വിപണിയും സജീവമായിരുന്നു. ഏത്തപ്പഴവും തണ്ണിമത്തനും ഉച്ചയ്ക്കു മുന്നേ കാലിയായി. സപ്ലൈകോ ഔട്ട് ലെറ്റുകൾക്കു മുന്നിൽ ജനങ്ങൾ തിങ്ങിക്കൂടിയതോടെ പൊലീസെത്തി പത്ത് പേർ വീതമുള്ള നിര തീർത്തു.
ആദ്യം അലമ്പ്, പിന്നെ മര്യാദ
ജനപ്രവാഹം മൂലം ആലപ്പുഴ നഗരത്തിലെ വിദേശമദ്യ ഔട്ട്ലെറ്റുകൾ അടപ്പിക്കാൻ ഇന്നലെ വൈകിട്ട് നഗരസഭ നോട്ടീസ് നൽകിയെങ്കിലും ഇവ തുറന്നതോടെ ഉച്ചവരെ കാണാനായത് അണമുറിയാത്ത നിര. തിരക്ക് മുറുകിയതോടെ പൊലീസ് ഇടപെട്ടു. പിന്നെ ഒരു മീറ്റർ വ്യത്യാസത്തിൽ അച്ചടക്കമുള്ള കാത്തിരിപ്പ്. ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചതോടെ ഉപഭോക്താക്കളുടെ എണ്ണം വീണ്ടും വർദ്ധിച്ചു. കൈകൾ സാനിട്ടൈസർ ഉപയോഗിച്ച് ശുദ്ധീകരിച്ച ശേഷം മാത്രമായിരുന്നു ഓരോരുത്തർക്കും പ്രവേശനം.
ശല്യമായി ഫ്രീക്കൻമാർ
യാത്രക്കാർ കുറഞ്ഞ തക്കം പാർത്ത് നിരത്ത് കീഴടക്കാൻ ഫ്രീക്കൻമാരും ഇറങ്ങി. സ്വകാര്യ വാഹനങ്ങൾ നിരത്തിലിറക്കാമെന്ന ഉത്തരവിന്റെ മറവിൽ അമിതവേഗത്തിൽ 'ട്രിപ്പിൾ' അടിച്ച് പലരും ദേശീയപാതയിൽ തലങ്ങും വിലങ്ങും ഓടി. പൊലീസ് പരിശോധന ശക്തമായതോടെയാണ് ഇവർ റോഡിൽ നിന്ന് പിൻവാങ്ങിയത്.
ഏറ്റെടുത്ത് സ്ത്രീകൾ
കൊറോണയെ വെല്ലുവിളിച്ച് പലരും പുറത്ത് കറങ്ങി നടന്നപ്പോഴും വീട്ടിൽ കഴിഞ്ഞ് മാതൃകയായത് സ്ത്രീകളും കുട്ടികളും. മത്സ്യവും പച്ചക്കറിയും വാങ്ങാൻ വീട്ടമ്മമാരെത്തുന്ന പതിവ് ഇന്നലെ പുരുഷന്മാർ ഏറ്റെടുത്തു. ജില്ലാ ഭരണകൂടം തൂവാല വിപ്ലവത്തിന് ആഹ്വാനം ചെയ്തിട്ടും യാതൊരു മുഖാവരണവും ഇല്ലാതെയായിരുന്നു ഇന്നലത്തെ പകൽ ഭൂരിഭാഗം പേരുടെയും യാത്ര.