ആലപ്പുഴ: സംസ്ഥാനത്തെ ഹോമിയോ ആശുപത്രികളിലേക്ക് വിതരണം ചെയ്യാനായി പൊതുമേഖലാ സ്ഥാപനമായ പാതിരപ്പള്ളി ഹോംകോയിൽ അരലക്ഷം സാനിട്ടൈസർ തയ്യാർ. സർക്കാർ നിർദേശത്തെ തുടർന്ന് കഴിഞ്ഞ 20നാണ് ഇവിടെ സാനിട്ടൈസർ ഉത്പാദനം ആരംഭിച്ചത്.

100, 200 മില്ലി ഉൾക്കൊള്ളുന്ന 15,000 ബോട്ടിലുകൾ പ്രതിദിനം ഉത്പാദിപ്പിക്കുന്നുണ്ട്. വിവിധ ജില്ലകളിലെ സർക്കാർ ഹോമിയോ ആശുപത്രികളിലേക്കും ഹോമിയോ ഡി.എം.ഒ ഓഫീസിലേക്കും അടുത്ത ദിവസം 25,000 ബോട്ടിൽ സാനിട്ടൈസർ എത്തിക്കാനുള്ള നടപടികൾ പൂർത്തീകരിച്ചു. ഏജൻസികൾ ഇല്ലാതെ ഹോംകോ നേരിട്ടാണ് വിതരണം നടത്തുന്നത്. 100 മില്ലിക്ക് 50ഉം 200 മില്ലിക്ക് 90ഉം രൂപ നിരക്കിൽ ഹോംകോയിലെ പ്രത്യേക കൗണ്ടറിൽ നിന്ന് എല്ലാ ദിവസവും പൊതുജനങ്ങൾക്ക് വിതരണം ചെയ്യുന്നുണ്ട്. ഹോമിയോ മരുന്നുകൾ മാത്രം ഉത്പാദിപ്പിച്ചിരുന്ന ഹോംകോയിൽ ആദ്യമായിട്ടാണ് സാനിട്ടൈസർ ഉത്പാദിപ്പിക്കുന്നത്. ജീവനക്കാരുടെ ആത്മാർത്ഥ സഹകരണം മൂലമാണ് ചുരുങ്ങിയ സമയത്തിനുള്ളിൽ അരലക്ഷം ബോട്ടിലുകൾ ഉത്പാദിപ്പിക്കാൻ കഴിഞ്ഞത്.

ഇന്നലെ ഹോംകോയിൽ എത്തിയ മന്ത്രി ഡോ. ടി.എം.തോമസ് ഐസക് സാനിട്ടൈസർ യൂണിറ്റിന്റെ പ്രവർത്തനം വിലയിരുത്തി. കുറഞ്ഞ നിരക്കിൽ കൂടുതൽ സാനിട്ടൈസർ സാധാരണ ജനങ്ങളിൽ എത്തിക്കാൻ ഹോംകോ സജീവമായി ഇടപെടണമെന്ന് മന്ത്രി നിർദേശിച്ചു. സാനിട്ടൈസറിന്റെ വിതരണോദ്ഘാടനവും തോമസ് ഐസക് നിർവഹിച്ചു. എം.ഡി ഡോ.പി.ജോയ്, റിയാസ്, ജീവനക്കാരും എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

...............................

വരും ദിവസങ്ങളിൽ പ്രതിദിനം കൂടുതൽ ബോട്ടിലുകൾ ഉത്പാദിപ്പിക്കാൻ ശ്രമിക്കും. ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് പ്രവർത്തിക്കുകയാണ് ഹോംകോയുടെ ലക്ഷ്യം. പ്രത്യേകിച്ചും ഇങ്ങനൊരു ഘട്ടത്തിൽ

(മാനേജിംഗ് ഡയറക്ടർ ഡോ. പി. ജോയ്)