 ലംഘിച്ചാൽ മൂന്നു വർഷം വരെ തടവും പിഴയും

ആലപ്പുഴ: ഒരു നിശ്ചിത പ്രദേശത്ത് സംഘർഷമോ കലാപ സാദ്ധ്യതയോ തടയുന്നതിന്റെ ഭാഗമായി, പത്തിലധികം പേരുടെ സംഘം ചേരൽ തടയാൻ സംസ്ഥാന സർക്കാരിനു പുറമേ മജിസ്‌ട്രേറ്റിനോ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിനോ പുറപ്പെടുവിക്കാവുന്ന വകുപ്പാണ് 144 അഥവാ നിരോധനാജ്ഞ.

നിയമവിരുദ്ധമായി സംഘം ചേരുന്നവർക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 141 മുതൽ 149 വരെയുള്ള വകുപ്പുകൾ പ്രകാരമാണ് കേസെടുക്കുന്നത്. മജിസ്‌ട്രേറ്റിന്റെ ഉത്തരവ് ലംഘിക്കുന്നവർക്ക് മൂന്ന് വർഷം വരെ തടവ് ശിക്ഷയും പിഴയും ലഭിക്കും. സംഘംചേരുന്ന എല്ലാവരും ശിക്ഷിക്കപ്പെടുമെന്ന പ്രത്യേകതയും ഈ വകുപ്പിനുണ്ട്. കളക്ടറുടെ ഉത്തരവിലെ നിബന്ധനകൾ ലംഘിക്കുന്നവർക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമ പ്രകാരം നടപടി സ്വീകരിക്കാൻ ജില്ലാ പൊലീസ് മേധാവിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഉത്തരവ് കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനായി ജില്ലാ പൊലീസ് മേധാവി, സബ് ഡിവിഷണൽ മജിസ്ട്രേറ്റുമാർ, എക്‌സിക്യുട്ടീവ് മജിസ്ട്രേറ്റുമാർ (തഹസിൽദാർമാർ) എന്നിവരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

# ജില്ലയിലെ മറ്റ് നിയന്ത്രണങ്ങൾ

 പാൽ, പഴം, പച്ചക്കറി, പലവ്യഞ്ജനങ്ങൾ എന്നിവ വിൽക്കുന്ന കടകൾ, മെഡിക്കൽ സ്​റ്റോറുകൾ, പെട്രോൾ പമ്പുകൾ, ഗ്യാസ് വിതരണ മേഖല, കുടിവെള്ള വിതരണ കേന്ദ്രങ്ങൾ എന്നിവ പ്രവർത്തിക്കാം

 ഭക്ഷ്യവസ്തുക്കൾ, പലചരക്ക് വസ്തുക്കൾ, മുട്ട, മാംസ്യം, മത്സ്യം, കാലിത്തീ​റ്റ കോഴിത്തീ​റ്റ എന്നിവ വിൽക്കുന്ന കടകൾ, സൂപ്പർ മാർക്ക​റ്റുകൾ, ബേക്കറികൾ എന്നിവയും പ്രവർത്തിക്കാം

 പ്രവർത്തന സമയം രാവിലെ 7 മുതൽ 5 വരെ

 ബേക്കറികളിൽ ജ്യൂസ്, ചായ എന്നിവ പാടില്ല

 സ്ഥാപനങ്ങളിൽ നിയന്ത്റണം ലംഘിച്ച് ആൾക്കൂട്ടം പാടില്ല

 എ.ടി.എമ്മുകൾ, പ്രിന്റ് ആൻഡ് ഇലക്ട്രോണിക്‌ മീഡിയ, അവശ്യ പൊതുവിതരണ ചരക്കുനീക്കം, ഭക്ഷ്യ നിത്യോപയോഗ സാധനങ്ങളുടെ വിതരണം എന്നിവ ഉൾപ്പെടെയുള്ള അവശ്യ സർവ്വീസുകൾക്ക് നിയന്ത്റണം ബാധകമല്ല

 ബാങ്കുകളുടെ പ്രവർത്തനം ഉച്ചയ്ക്ക് രണ്ടു വരെ

വിദേശത്തുനിന്നും, ഇതര സംസ്ഥാനങ്ങളിൽ നിന്നും മടങ്ങി വന്നിട്ടുള്ളവർ നിർബന്ധമായും ആരോഗ്യവകുപ്പിനെ വിവരം അറിയിക്കണം

.............................................