ആലപ്പുഴ: കൊറോണ സ‌ൃഷ്ടിച്ച പ്രതിസന്ധിയിൽ പിടിച്ചു നിൽക്കാൻ, ആരോഗ്യ മേഖലലക്കെങ്കിലും ഉടനടി പണം അനുവദിക്കാൻ കേന്ദ്രം തയാറാവണമെന്ന് മന്ത്രി തോമസ് ഐസക്ക് ആവശ്യപ്പെട്ടു. 'വലിയവായിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ച് പാട്ട കൊട്ടലും നടന്നു. പക്ഷേ സംസ്ഥാനങ്ങൾക്ക് സഹായം നൽകുന്നില്ല. സാമ്പത്തിക സഹായമടക്കം ചർച്ച ചെയ്യാൻ സംസ്ഥാന ധനമന്ത്രിമാരുടെ വീഡിയോ കോൺഫറൻസ് അടിയന്തരമായി വിളിച്ചു കൂട്ടണം. തൊഴിലുറപ്പ് തൊഴിലാളികൾക്കും പെൻഷൻകാർക്കും പണം കൈകളിൽ എത്തിക്കുന്നതിന് അധിക സഹായം നൽകണം. ലോക്ക് ഡൗൺ മൂലം സംസ്ഥാനത്ത് ഭക്ഷ്യ ക്ഷാമമോ വിലക്കയറ്റമോ ഉണ്ടാവില്ല. കാസർകോട് മാത്രമാണ് തൊഴിലുറപ്പ് നിർത്തിയതെന്നും മറ്റ് ജില്ലകളിൽ ക്രമീകരണം ഏർപ്പെടുത്തി പദ്ധതി തുടരും" തോമസ് ഐസക് ആലപ്പുഴയിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു.