ആലപ്പുഴ: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ കളക്ടർ 144 പ്രഖ്യാപിച്ചു. 31 രാത്രി 12 വരെ ഉത്തരവ് പ്രാബല്യത്തിലുണ്ടാവും.
ഒരിടത്തും നാലിൽ കൂടുതൽ ആളുകൾ കൂടാൻ പാടില്ല. എല്ലാ പൊതുഗതാഗത സംവിധാനങ്ങളും നിറുത്തലാക്കും. ടാക്‌സി വാഹനങ്ങൾ അടിയന്തിര ആവശ്യങ്ങളിലേക്ക് മാത്രം പരിമിതപ്പെടുത്തും.
അവശ്യ സാധനങ്ങൾ, മരുന്നുകൾ എന്നിവ വാങ്ങാനും മെഡിക്കൽ എമർജൻസികൾക്കും മാത്രമേ സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കാവൂ. ഇരുചക്ര വാഹനമൊഴികെയുള്ള വാഹനങ്ങളിൽ ഡ്രൈവർ കൂടാതെ ഒരു മുതിർന്ന വ്യക്തി മാത്രമേ യാത്ര ചെയ്യാൻ പാടുള്ളൂ. ഇരുചക്ര വാഹനങ്ങളിൽ ഒരാൾ മാത്രം യാത്ര ചെയ്യണം. സർക്കാർ ജീവനക്കാർ, മറ്റ് ജീവനക്കാർ എന്നിവർ യാത്ര ചെയ്യുമ്പോൾ നിർബന്ധമായും തിരിച്ചറിയൽ കാർഡ് കരുതണം. നിർദ്ദേശങ്ങൾ ലംഘിക്കുന്ന വാഹനങ്ങൾ പൊലീസ് പിടിച്ചെടുത്ത് കേസ് രജിസ്റ്റർ ചെയ്യും.