മൂന്ന് പേരുടെ നില ഗുരുതരം
ആലപ്പുഴ: പുളിങ്കുന്നിലെ അനധികൃത പടക്കനിർമ്മാണ ശാലയിൽ കഴിഞ്ഞ ദിവസമുണ്ടായ സ്ഫോടനത്തിൽ പൊള്ളലേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന സ്ത്രീ തൊഴിലാളി മരിച്ചു. പുളിങ്കുന്ന് കണ്ണാടി ഇടപ്പറമ്പിൽ സുരേന്ദ്രൻപിള്ളയുടെ ഭാര്യ വിജയമ്മയാണ് (56) മരിച്ചത്. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം നാലായി. പുളിങ്കുന്ന് മുപ്പതിൽ ചാക്കോ ചാണ്ടിയുടെ മകൻ ജോസഫ് ചാക്കോ (റെജി-50), പുളിങ്കുന്ന് മലയിൽ പുത്തൻ വീട്ടിൽ ലൈജുവിന്റെ ഭാര്യ ബിനു (30), പുളിങ്കുന്ന് കിഴക്കേച്ചിറയിൽ കുഞ്ഞുമോൾ (55) എന്നിവരാണ് മരിച്ച മറ്റ് മൂന്നു പേർ. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന ആറ് പേരിൽ മൂന്നുപേരുടെ നില ഗുരുതരമായി തുടരുന്നു.കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30നാണ് പടക്കനിർമ്മാണ ശാലയിൽ സ്ഫോടനം ഉണ്ടായത്. ഇന്നലെ വൈകിട്ട് 4മണിയോടെയാണ് വിജയമ്മ മരിച്ചത്. ഭർത്താവ് സുരേന്ദ്രൻ പിള്ള ഹോട്ടൽ തൊഴിലാളിയാണ്. ഏകമകൾ അശ്വതിയുടെ വിവാഹത്തിന്റെ ഒരുക്കങ്ങൾ നടക്കുമ്പോഴാണ് വിജയമ്മയുടെ അന്ത്യം.