ആലപ്പുഴ:കൊറോണ ജാഗ്രതാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുന്നെന്ന് ഉറപ്പാക്കാൻ ജില്ലയിൽ നടപടികൾ ഊർജിതം. അതിർത്തി പ്രദേശങ്ങളിലെ പ്രധാന നിരത്തുകളിൽ വാഹന പരിശോധന കർശനമാക്കി. നിയമപ്രകാരം അനുവദനീയമായ ഷോപ്പുകൾ ഒഴികെയുള്ളവ തുറക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. ഇന്നലെ വിവിധ ഭാഗങ്ങളിൽ നിയമപ്രകാരമല്ലാതെ തുറന്നിരുന്ന കടകൾ പൊലീസ് അടപ്പിച്ചു.
കൂടാതെ ഷോപ്പുുകൾ അത്യാവശ്യ കാര്യങ്ങൾക്ക് തുറക്കുമ്പോൾ അവിടെയെത്തുന്നവർ തമ്മിൽ കൃത്യമായ അകലം പാലിക്കുകയും കൈയും ശരീരഭാഗങ്ങളും വാതിലിലും മേശമേലും സ്പർശിക്കാതിരിക്കാൻ ശ്രദ്ധിക്കുകയും വേണം എന്ന് ആരോഗ്യ പ്രവർത്തകർ നിർദ്ദേശിച്ചു. വായ് തൂവാല ഉപയോഗിച്ചോ മാസ്‌ക് ഉപയോഗിച്ചോ മറയ്ക്കണം.
ജില്ലയുടെ അതിർത്തി പ്രദേശമായ നീരേറ്റുപുറത്ത് തലവടി പഞ്ചായത്ത് അധികൃതർ, ആരോഗ്യ വകുപ്പിന്റെ ജീവനക്കാർ, മോട്ടോർ വാഹന വകുപ്പുജീവനക്കാർ, പൊലീസ് എന്നിവർ സംയുക്തമായി വാഹനപരിശോധന നടത്തി.