ചാരുംമൂട്: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ലോക് ഡൗൺ പ്രഖ്യാപിച്ച ആദ്യ ദിനത്തിന്റെ തുടക്കത്തിൽ ചാരുംമൂട് പ്രദേശങ്ങളിൽ ആശയക്കുഴപ്പം. രാവിലെ പല വ്യാപാര സ്ഥാപനങ്ങളും തുറന്നു. സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങി. ജനങ്ങൾക്കും വ്യാപാരികൾക്കും കൃത്യമായ ധാരണ ഇല്ലാത്തതാണ് തുടക്കത്തിലെ ആശയക്കുഴപ്പത്തിനും തിരക്കിനും ഇടയാക്കിയത്.

പത്ത്‌ മണിയോടെ നൂറനാട് എസ്.ഐ വി. ബിജുവിന്റെ നേതൃത്വത്തിൽ കൂടുതൽ പൊലീസുകാരെത്തി യാത്രക്കാരെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കി. അനാവശ്യ യാത്രകൾ ഒഴിവാക്കാൻ എല്ലാ സ്വകാര്യ വാഹനങ്ങളിൽ വന്നവരോടും നാല് ജംഗ്ഷനിലും നിന്ന് പൊലീസുകാർ നിർദേശം നൽകി. ഉച്ചകഴിഞ്ഞ് 144 കൂടി പ്രഖ്യാപിച്ചതോടെ 5 മണിക്ക് മുമ്പായി ആളൊഴിഞ്ഞു.

 ചന്തയ്ക്ക് പുറത്തെ കച്ചവടം തടഞ്ഞു

കൊറോണ പശ്ചാത്തലത്തിൽ താമരക്കുളം മാധവപുരം പബ്ലിക് മാർക്കറ്റ് അടച്ചിരുന്നതാണെങ്കിലും ചന്തദിവസമായ ഇന്നലെ മാർക്കറ്റിനു വെളിയിൽ കച്ചവടം നടന്നതുമൂലം നൂറു കണക്കിനാളുകളെത്തി. ഒടുവിൽ പൊലീസും ആരോഗ്യ പ്രവർത്തകരും എത്തിയാണ് കച്ചവടം അവസാനിപ്പിച്ചത്. ചൊവ്വയും വെള്ളിയുമാണ് താമരക്കുളത്തെ ചന്ത ദിവസങ്ങൾ. വിവിധ സ്ഥലങ്ങളിൽ നിന്ന് നൂറു കണക്കിന് ആളുകളാണ് ചന്ത ദിവസം മാർക്കറ്റിൽ എത്തുന്നത്. കൊറോണയെത്തുടർന്നാണ് മാർക്കറ്റ് അടച്ചിടാൻ തീരുമാനിച്ചതെന്ന് പ്രസിഡന്റ് വി.ഗീത പറഞ്ഞു.