ചേർത്തല:അരനൂറ്റാണ്ടിലധികമായി പൂർണമായും 'മഞ്ഞ വസ്ത്രം" ധരിച്ച് ശിവഗിരി തീർത്ഥാടനത്തിൽ പങ്കെടുക്കുന്ന 'മഞ്ഞ ശ്രീധരൻ" ഇനി ഓർമ്മ. ചേർത്തല വടക്കേ അങ്ങാടി കവലയിലെ വ്യാപാരിയും സി.ആർ.സ്റ്റോഴ്സ് ഉടമയുമായിരുന്ന കടക്കരപ്പള്ളി 9-ാം വാർഡ് ശ്രീനിലത്തിൽ സി.ആർ.ശ്രീധരൻ(81)ആണ് ഇന്നലെ നിര്യാതനായത്.തീർത്ഥാടനക്കാലം മുഴുവൻ മഞ്ഞ വസ്ത്രം മാത്രം ധരിക്കുന്ന ശ്രീധരനെ മഞ്ഞ ശ്രീധരനെന്നാണ് ചേർത്തലക്കാർ വിളിച്ചിരുന്നത്. ദീർഘകാലം മാടയ്ക്കൽ 729-ാം നമ്പർ ശാഖയുടെ പ്രസിഡന്റായിരുന്ന ശ്രീധരൻ വടക്കേ അങ്ങാടി കവലയിലെ സമാധിദിനാചരണത്തിന്റെ മുഖ്യ സംഘാടകനായിരുന്നു.കാൽ നൂറ്റാണ്ടിലധികം കാലം ശ്രീധരന്റെ വകയായി വടക്കേ അങ്ങാടി കവലയിൽ കന്നി അഞ്ച് ദിനത്തിൽ പ്രത്യേക ചടങ്ങുകളും പാൽപ്പായസ വിതരണവും നടത്തി വന്നിരുന്നു.എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയൻ കൗൺസിലറായും പ്രവർത്തിച്ചു.ശിവഗിരി മഠം ധർമ്മ മീമാംസ കമ്മിറ്റി അംഗം,ഗുരുധർമ്മ പ്രചരണ സഭയുടെ ചേർത്തലയിലെ ആദ്യകാല പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു.ഗുരുവിന്റെ പേരിൽ ഗ്രന്ഥശാല ആരംഭിക്കാൻ സ്വന്തം സ്ഥലം വിട്ടുനൽകിയ ശ്രീധരൻ പൊതു ജന പങ്കാളിത്വത്തോടെ നിർമ്മിച്ച ശ്രീനാരായണ ഗുരു ഗ്രന്ഥശാലയുടെ പ്രസിഡന്റായും ദീർഘകാലം പ്രവർത്തിച്ചു.ഗ്രന്ഥശാലയ്ക്ക് സ്വന്തം പണം മുടക്കി പുസ്തകങ്ങളും വാങ്ങി നൽകിയിരുന്നു.